താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ജാഗ്രത കാണിച്ച് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ). 2025 ഓഗസ്റ്റ് 14ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ വിപണികളില്‍ നിന്ന് 348 മില്യണ്‍ ഡോളര്‍ (3,048 കോടി രൂപ) എഫ്പിഐകള് പിന്‍വലിച്ചു. നിഫ്റ്റിയും സെന്‍സെക്സും ആറാഴ്ചത്തെ നഷ്ടത്തിനൊടുവില്‍ മുകളിലേക്ക് ഉയര്‍ന്നെങ്കിലും എഫ്പിഐകള് വിറ്റഴിക്കല്‍ തുടര്‍ന്നു.
എന്നിരുന്നാലും മുന്‍പത്തെ ആഴ്ചയിലെ 1.3 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ വിറ്റഴിക്കല്‍ കഴിഞ്ഞയാഴ്ച ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. നിഫ്റ്റി 24,631.30 ലും സെന്‍സെക്സ് 80,597.66 ലുമാണ് ക്ലോസ് ചെയ്തത്. വില്പനയിലെ ഇടിവ് ആഗോള നിക്ഷേപകരുടെ കൂടുതല്‍ ജാഗ്രതയോടെയുള്ള സമീപനത്തിന്റെ സൂചനയാണെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റിലെ അസോസിയേറ്റ് ഡയറക്ടറും മാനേജര്‍ റിസര്‍ച്ചുമായ ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.
യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെയും താരിഫ് അനിശ്ചിതത്വത്തെയും കുറിച്ചുള്ള വിശാലമായ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ് എഫ്പിഐ നിലപാട്. ട്രംപിന്റെ കടുത്ത താരിഫുകളും യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലെ ഉലച്ചിലും വിപണിയുടെ വികാരങ്ങളെ സ്വാധീനിച്ചെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
കടപ്പത്രങ്ങള്‍ ഹിറ്റ്
കടപ്പത്ര വിപണി കഴിഞ്ഞയാഴ്ച മികച്ചതായിരുന്നു. വിവിധ വിഭാഗങ്ങളിലായി 2,063.17 കോടി രൂപയുടെ അറ്റ നിക്ഷേപം കടപ്പത്രങ്ങളില്‍ ഉണ്ടായി. ഫോറിന് ആക്സസിബിള്‍ റൂട്ട് (എഫ്എആര്‍) കടപ്പത്രങ്ങളില്‍ 3,897.89 കോടി നിക്ഷേപിക്കപ്പെട്ടു. ജനറല്‍ ലിമിറ്റ് കടപ്പത്രങ്ങളില്‍ 364.78 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.
ശക്തമായ സാന്നിധ്യമായി ഡിഐഐകള്‍
വിദേശ വില്പന സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐ) ശക്തമായ പിന്തുണ വിപണിക്ക് നല്കി. ഡിഐഐകള്‍ നടത്തിയ 19,000 കോടി രൂപയുടെ വാങ്ങലുകളാണ് വിപണിക്ക് കഴിഞ്ഞയാഴ്ച ഊര്‍ജം നല്‍കിയത്. ഹെല്‍ത്ത് കെയര്‍, ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളിലെ മുന്നേറ്റവും വിപണിക്ക് താങ്ങായി.
ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ എഫ്ഐഐകളുടെ സാന്നിധ്യം വളരെ കുറവാണെന്നും ഇന്‍ഡെക്സ് ഫ്യൂച്ചറുകളില്‍ അവര്‍ 92 ശതമാനവും ഷോര്‍ട്ട് പൊസിഷനിലാണെന്നും സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ടിലെ റിസര്‍ച്ച് ഹെഡ് സന്തോഷ് മീണ നിരീക്ഷിച്ചു.
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies)
(Disclaimer: This does not constitute investment advice. Investors are advised to evaluate independently and consult with professional advisors before making any investments in the stock market, mutual funds, gold, or cryptocurrencies.)