റഷ്യന്‍ എണ്ണ വാങ്ങുന്നെന്ന പേരില്‍ ഇന്ത്യക്കെതിരെ അധിക താരിഫുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒരു വ്യാപാര കരാറിനായി യുഎസും ഇന്ത്യയും ശ്രമിക്കുന്നതിനിടെയാണ് ട്രംപ് വെടിപൊട്ടിച്ചത്. ഇന്ത്യക്ക് മേല്‍ 50% താരിഫെന്ന ഭീഷണി മുഴക്കാന്‍ പൊടുന്നനെ ട്രംപിനെ പ്രേരിപ്പിച്ച ഘടകങ്ങളെന്താവും? പ്രത്യേകിച്ച് റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനക്ക് മേല്‍ അധിക താരിഫുകളൊന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുമില്ലെന്നത് പരിഗണിക്കുമ്പോള്‍.
ബ്രിക്സ് ഭീതി
ഇന്ത്യയോട് ട്രംപ് പിണങ്ങിയതിന് പിന്നില്‍ മൂന്ന് കാരണങ്ങളുണ്ടെന്നാണ് കാനഡയിലെ ഇന്ത്യയുടെ മുന്‍ ഹൈക്കമ്മീഷണര്‍ വികാസ് സ്വരൂപ് നിരീക്ഷിക്കുന്നത്. ഏറ്റവും പ്രധാനം, ബ്രിക്സ് കൂട്ടായ്മയിലെ ഇന്ത്യയുടെ അംഗത്വമാണ്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ്, അമേരിക്കന്‍ വിരുദ്ധ സഖ്യമാണെന്നും ഡോളറിന് ബദലായി ഒരു കറന്‍സി സൃഷ്ടിക്കാന്‍ ഈ ഗ്രൂപ്പിന് പദ്ധതിയുണ്ടെന്നും ട്രംപ് ഭയക്കുന്നു. ഇന്ത്യ, ബ്രിക്സില്‍ നിന്ന്വിട്ടുനില്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യമെന്ന് വികാസ് സ്വരൂപ് പറഞ്ഞു.
അംഗീകരിക്കാത്ത ഇന്ത്യ
ഓപ്പറേഷന് സിന്ദൂരിന് ശേഷം ഇന്ത്യ-പാകിസ്ഥാന് വെടിനിര്‍ത്തലില്‍ ട്രംപിന്റെ പങ്ക് ഇന്ത്യ തുടര്‍ച്ചയായി നിഷേധിച്ചതാണ് ട്രംപിന്റെ പിണക്കത്തിനുള്ള രണ്ടാമത്തെ കാരണം. പാകിസ്ഥാന് ഡിജിഎംഒയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും സേനകള്‍ തമ്മിലുള്ള മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയതെന്ന് ന്യൂഡല്‍ഹി ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. മൂന്നാം കക്ഷിയുടെയോ നേതാവിന്റെയോ ഇടപെടലുണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ലമെന്റിനെ അറിയിക്കുകയും ചെയ്തു.
‘ഇരു രാജ്യങ്ങളെയും ആണവ യുദ്ധത്തിന്റെ വക്കില്‍ നിന്നും പിന്തിരിപ്പിച്ചത് താനാണെന്ന് ട്രംപ് ഏകദേശം 30 തവണ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഇന്ത്യ തന്റെ പങ്ക് അംഗീകരിക്കാത്തതില്‍ അദ്ദേഹം അസ്വസ്ഥനാണ്,’ സ്വരൂപ് പറഞ്ഞു. അതേസമയം പാകിസ്ഥാന് ട്രംപിന്റെ അവകാശവാദം അംഗീകരിക്കുക മാത്രമല്ല, അദ്ദേഹം ആഗ്രഹിച്ചതു പോലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു.
തുറക്കാത്ത വിപണി
ഉഭയകക്ഷി വ്യാപാര കരാറിനായി ഇന്ത്യയും യുഎസും ചര്‍ച്ച നടത്തി വരികയാണ്. ഇന്ത്യ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ചില നിബന്ധനകള്‍ അംഗീകരിക്കാത്തതാണ് ട്രംപിനെ പ്രകോപിപ്പിച്ച മൂന്നാമത്തെ ഘടകമെന്ന് സ്വരൂപ് പറയുന്നു. ക്ഷീര ഉല്‍പ്പാദന മേഖല, കൃഷി, ജിഎം വിളകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകള്‍ ന്യൂഡെല്‍ഹി അംഗീകരിച്ചിട്ടില്ല. കരാറില്‍ ഇന്ത്യയെ ഒപ്പിടുവിക്കുന്നതിനുള്ള ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ താരിഫുകള്‍ എന്ന് സ്വരൂപ് പറഞ്ഞു.