ഫുഡ് ഡെലിവറി രംഗത്തെ അതികായന്മാരായ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓര്‍ഡറുകളിലെ പ്ലാറ്റ്ഫോം ഫീസ് കൂട്ടി. ഉത്സവ സീസണ് കണക്കിലെടുത്ത് പ്ലാറ്റ്ഫോം ഫീസില്‍ രണ്ട് രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. നിലവില്‍ 12 രൂപയായ പ്ലാറ്റ്ഫോം ഫീസ് ഇനി 14 രൂപയായിരിക്കും. കേവലം രണ്ട് രൂപയെന്ന് വിചാരിച്ച് ഈ നിരക്കുവര്‍ധനയെ നിസ്സാരിവല്ക്കരിക്കരുത്. ഇതുകൊണ്ട് സ്വിഗ്ഗിക്ക് പ്രതിദിനം കോടികളുടെ അധികവരവാണ് ഉണ്ടാകുക.
രണ്ടില്‍ തുടങ്ങി ഇപ്പോള്‍ 14
ഉത്സവസീസണില്‍ ഉപഭോക്തൃ ഇടപാടുകള്‍ വര്‍ധിക്കുന്നത് കൊണ്ടാണ്
പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിക്കുന്നത് എന്നാണ് സ്വിഗ്ഗി തീരുമാനത്തെ വിശദീകരിക്കുന്നത്. പക്ഷേ നിരന്തരമായി സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 2023 എപ്രിലില്‍ രണ്ട് രൂപയാണ് സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസായി ഈടാക്കിയിരുന്നത്. പക്ഷേ 2024 ജൂലൈയില്‍ ഇത് 6 ആയി. അതേവര്‍ഷം ഒക്ടോബറില്‍ 10 ആയി. ഇപ്പോള്‍ 14ലേക്ക് എത്തിയതും കൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്ലാറ്റ്ഫോം ഫീസില്‍ 600 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ദിവസവും 2 മില്യണ്‍ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യുന്ന സ്വിഗ്ഗി പുതുക്കിയ നിരക്ക് വര്‍ധനയിലൂടെ ഒരു ദിവസം കോടികള്‍ അധികവരുമാനമുണ്ടാക്കും എന്നാണ് കരുതപ്പെടുന്നത്.
കമ്പനി ലാഭത്തിലോ നഷ്ടത്തിലോ
2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 1,197 കോടിയുടെ വാര്‍ഷിക നഷ്ടമാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 611 കോടി രൂപയുടെ ഇരട്ടി വരുമിത്. അതേസമയം കഴിഞ്ഞ പാദവുമായി (2024ലെ നാലാംപാദം) താരതമ്യം ചെയ്യുമ്പോള്‍ നഷ്ടം 1,080 കോടി രൂപയാണെന്ന് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗില്‍ സ്വിഗ്ഗി പറയുന്നു. കമ്പനിയുടെ അതിവേഗ പലചരക്ക് വിതരണ വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടാണ് നഷ്ടത്തിന്റെ കാരണം.