താരിഫ് ഭീഷണികള്‍ക്കിടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ശക്തമായ സന്ദേശം നല്‍കിയും സാമ്പത്തികരംഗത്ത് രാജ്യത്തിന് കരുത്തുപകരുന്ന വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ആത്മനിര്‍ഭര്‍ഭാരത് അടക്കം അതിവേഗം കുതിക്കുന്ന സാമ്പത്തികശക്തിയായി മാറുന്നതിന് രാജ്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. രാജ്യത്തെ കര്‍ഷകര്‍ക്കെതിരായ ഏതൊരു നയത്തിനും താന്‍ എതിരാണെന്നും ലോകവിപണിയെ ഇന്ത്യ ഭരിച്ച് ചരിത്രം കുറിക്കേണ്ട സമയം സമാഗതമായെന്നും ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
പല മേഖലകളിലും ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തത എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി സെമികണ്ടക്ടര്‍ ഉല്‍പ്പാദനം, ഊര്‍ജം തുടങ്ങി മറ്റുപല മേഖലകള്‍ക്കും ഊന്നല്‍ നല്‍കിയുള്ള ഭാവി പദ്ധതികളെ കുറിച്ചും സംസാരിച്ചു. കര്‍ഷകര്‍ക്ക് വിനാശകരമായ അവരുടെ താല്‍പ്പര്യത്തിന് എതിരായ ഒരു നയത്തിലും ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നും ട്രംപിന്റെ താരിഫ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനം ആത്മനിര്ഭര്രത
തന്റെ 12ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ആത്മനിര്ഭര്ഭാരതിനാണ് പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. ഫൈറ്റര്‍ജെറ്റ് ഉല്‍പ്പാദനം മുതല്‍ തദ്ദേശീയ വാക്സിനുകള്‍ വികസിപ്പിച്ചത് വരെ രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി എണ്ണപ്പറഞ്ഞു. മറ്റ് മേഖലകളിലെ ആവശ്യങ്ങളിലും രാജ്യം പരാശ്രയത്വം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഉയര്‍ന്ന നിലവാരമുള്ള, താങ്ങാവുന്ന വിലയിലുള്ള ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് രാജ്യങ്ങളിലെ ആശ്രിതത്വം കൂടിയാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും ശക്തിയെയും അത് ദുര്‍ബലപ്പെടുത്തുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി. ആശ്രിതത്വം ഒരു ശീലമായാല്‍ സ്വയം പര്യാപ്തത നഷ്ടമാകുന്നത് അറിയാതെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാപാരത്തിന്റെയും കറന്‍സിയുടെയും കാര്യത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ മൊത്തത്തിലുള്ള ശേഷിയില്‍ സ്വയം പര്യാപ്തരാകേണ്ടതുണ്ട്. സ്വയം പര്യാപ്തത മങ്ങുമ്പോള്‍ രാജ്യത്തിന്റെ ശക്തിയും മങ്ങും. ഈ ശേഷികള്‍ സംരക്ഷിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്നതിലാണ് ശരിയായ സ്വാതന്ത്ര്യം നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ലോകവിപണിയെ ഭരിക്കണം
ലോകവിപണിയെ ഭരിച്ചുകൊണ്ട് ചരിത്രം കുറിക്കാനുള്ള സമയം വന്നെത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉല്‍പ്പാദനച്ചിലവ് കുറച്ചുകൊണ്ട് ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ആഗോളവിപണികളില്‍ രാജ്യം ശക്തി തെളിയിക്കണം. കുറഞ്ഞ വില, ഉയര്‍ന്ന നിലവാരം എന്നതാകണം ലക്ഷ്യം.
തദ്ദേശീയ സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഈ വര്‍ഷം തന്നെ
രാജ്യത്ത് തദ്ദേശീയമായി നിര്‍മ്മിച്ച സെമികണ്ടക്ടര്‍ ചിപ്പുകള്‍ ഈ വര്‍ഷം അവസാനത്തോടെ തന്നെ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സെമികണ്ടക്ടര്‍ രംഗത്ത് രാജ്യം അതിവേഗത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ആറ് യൂണിറ്റുകള്‍ ഇതിനകം പ്രവര്‍ത്തനനിരതമാണ്, നാലെണ്ണത്തിന് കഴിഞ്ഞിടെ അനുമതി ലഭിച്ചതായി അദ്ദേഹം അറിയിച്ചു. 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സെമികണ്ടക്ടര്‍ ഫാക്ടറികള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്, എന്നാലത് നടപ്പിലായില്ല. അതുകൊണ്ട് ഈ രംഗത്തെ പുരോഗതിയില്‍ ദശാബ്ദങ്ങളാണ് നമുക്ക് നഷ്ടമായത്. ഇപ്പോള്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തിലൂടെ ഇന്ത്യ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ചിപ്പുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ്.
പ്രതിരോധ രംഗത്തും സ്വയം പര്യാപ്തത
പ്രതിരോധ രംഗത്തെ രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്ക്ക് ഓപ്പറേഷന് സിന്ദൂര്‍ ഉദാഹരണമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി യുദ്ധവിമാനങ്ങള്‍ സ്വന്തമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സംസാരിച്ചു.
മിഷന് സുദര്‍ശന ചക്ര
മിഷന് സുദര്‍ശന ചക്രയെന്ന അത്യാധുനിക ആയുധ, നിരീക്ഷണ പദ്ധതി സംബന്ധിച്ച പ്രഖ്യാപനവും പ്രധാനമന്ത്രി നടത്തി. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ശത്രുക്കള്‍ക്കെതിരെ സങ്കീര്‍ണ്ണമായ യുദ്ധസാഹചര്യങ്ങളില്‍ കൃത്യതയുള്ള ആക്രമണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.