നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കാര്‍ഡ് പേമെന്റ് ശൃംഖലയായ റുപേയും എന്റര്ടെയ്ന്മെന്റ് ഇവന്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക്മൈഷോയും ചേര്‍ന്ന് ലൈവ് ഇവന്റ് പാസ്പോര്‍ട്ട് പുറത്തിറക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തന്ത്രപരമായ പങ്കാളിത്തം റുപേയും ബുക്ക്മൈഷോയും പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് റുപേയുടെ പേയ്മെന്റ് സൊലൂഷനുകള്‍ക്കൊപ്പം സാംസ്കാരിക, വിനോദ പരിപാടികളിലേക്ക് എക്സ്ക്ലൂസീവായുള്ള പ്രവേശനവും ലൈവ് ഇവന്റ് പാസ്പോര്‍ട്ടിലൂടെ ലഭിക്കും.
റുപേ കാര്‍ഡ് ഉടമകള്‍ക്ക് ലൈവ് ഇവന്റ് പാസ്പോര്‍ട്ടിലൂടെ സണ്‍ബേണ്‍, ലോലപലൂസ ഇന്ത്യ, ബാന്ഡ്ലാന്ഡ് എന്നിവയുള്‍പ്പെടെ ബുക്ക്മൈഷോയുടെ ചില മുന്‍നിര ഇവന്റുകളിലേക്ക് പ്രത്യേക പ്രവേശനം ലഭിക്കും. കൂടാതെ ബുക്ക്മൈഷോ പ്ലാറ്റ്ഫോമില്‍ ലിസ്റ്റുചെയ്ത കോണ്സേര്ട്ടുകള്ക്കും ഷോകള്‍ക്കും പ്രവേശനമുണ്ടാവും. പ്രീസെയില്‍ ടിക്കറ്റുകള്‍, മികച്ച സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിന് അവസരം, ഭക്ഷണ പാനീയങ്ങള്‍, എക്സ്ക്ലൂസീവ് മര്‍ച്ചന്‍ഡൈസ് പ്രിവിലേജുകള്‍, ഓണ്‍സൈറ്റ് ടോപ്പ്അപ്പുകള്ക്കുള്ള ഫാസ്റ്റ്ലെയ്ന്‍ എന്‍ട്രി, തിരഞ്ഞെടുത്ത വേദികളില്‍ പ്രത്യേക ലോഞ്ച് സ്പേസുകള്‍ എന്നിവ ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടും.
ലൈവ് ഇവന്റുകളിലും സംഗീത പരിപാടികളിലും സമീപവര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് താല്‍പ്പര്യം ഏറിയിട്ടുണ്ട്. വിദേശ ബാന്‍ഡുകളുടെയും ഗായകരുടെയും മറ്റും പരിപാടികള്‍ അടുത്തിടെ വമ്പന്‍ ഹിറ്റായിരുന്നു. യുവജനതയുടെ ഈ താല്‍പ്പര്യത്തെയാണ് ബുക്ക്മൈഷോയും റുപേയും ഉറ്റുനോക്കുന്നത്. കൂടുതല്‍ വ്യക്തിപരവും ആഴത്തിലുള്ളതും മൂല്യവത്തായതുമായ അനുഭവങ്ങള്‍ തേടുന്ന പ്രേക്ഷകരാണ് ഇന്ത്യയിലെ ലൈവ് എന്റര്ടെയ്ന്മെന്റ് വ്യവസായത്തെ ശ്രദ്ധേയമായി പരിവര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. ഡിമാന്‍ഡും വരുമാനവുമെല്ലാം വര്‍ദ്ധിച്ചുവരുന്ന മേഖലയാണിത്. വരാനിരിക്കുന്ന ഫെസ്റ്റിവല്‍ സീസണില്‍ ലൈവ് ഇവന്റ് പാസ്പോര്‍ട്ട് പ്രീ ടിക്കറ്റ് വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നാണ് കമ്പനികള്‍ കണക്കാക്കുന്നത്. സ്പോര്‍ട്സ്, സംഗീത, സാംസ്കാരിക ഇവന്റുകളിലൂടെ ഒരു പുതിയ ഉപഭോക്തൃ വിഭാഗത്തിലേക്ക് കടന്നുചെല്ലാമെന്ന് റുപേയും കണക്കുകൂട്ടുന്നു.