യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പിടിവാശികള്‍ ആഗോള രാഷ്ട്രീയത്തെയും ചേരികളെയും തന്നെ മാറ്റിമറിക്കുകയാണ്. സമീപകാലത്തുവരെ ശത്രുതാ മനോഭാവം പുലര്‍ത്തിയിരുന്ന ഇന്ത്യയും ചൈനയും പരസ്പര വിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്നതാണ് അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്ന് പരമ്പരാഗത പാതകളിലൂടെയുള്ള അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ച തുടങ്ങിയിരിക്കുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പുതിയ സംഭവവികാസം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചല്‍ പ്രദേശിലെ ഷിപ്കി ലാ പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നീ പരമ്പരാഗത വ്യാപാര പാതകളിലൂടെ അതിര്‍ത്തി വ്യാപാരം പുനരാരംഭിക്കുന്നതിനാണ് ശ്രമമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. കോവിഡ് മഹാമാരിയും 2020 ലെ ഗാല്‍വാന്‍ സംഘര്‍ഷവുമാണ് ഇന്ത്യ-ചൈന വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ കാരണമായത്.
വിമാന സര്‍വീസുകള്‍
ഇതോടൊപ്പം ബെയ്ജിംഗിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്താനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും നേരിട്ട് വിമാന സര്‍വീസുകള്‍ നടത്തുക. ഉഭയകക്ഷി വ്യാപാരവും ടൂറിസവും ബിസിനസ് ബന്ധങ്ങളും മെച്ചപ്പെടാന്‍ ഇത് ഉപകരിക്കും. കോവിഡ് മഹാമാരിക്ക് മുന്‍പ് 2020 സാമ്പത്തിക വര്‍ഷത്തില്‍ 7.7 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും തിരിച്ചും യാത്ര ചെയ്തത്. 30000 ടണ്‍ കാര്‍ഗോയാണ് ഇതേ കാലയളവില്‍ പരസ്പരം അയച്ചത്.
തുടക്കം ഡീസലിലും യൂറിയയിലും
നാല് വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യ അടുത്തിടെ ചൈനയിലേക്ക് ഡീസല്‍ കയറ്റിയയച്ചിരുന്നു. ഇന്ത്യയിലേക്ക് യൂറിയ കയറ്റിയയക്കാന്‍ ചൈനയും അനുമതി നല്കി.
നയതന്ത്ര ബന്ധം
ട്രംപിന്റെ താരിഫ് ഭീഷണിക്കിടെ ഇന്ത്യയുമായുള്ള ദീര്‍ഘകാല സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ചെനയും ശക്തമാക്കുകയാണ്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഓഗസ്റ്റ് 18 ന് ന്യൂഡല്‍ഹിയിലെത്തും. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 1 വരെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി ചൈന സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ഷി ജിന്‍പിംഗുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.