20 ശതമാനം എഥനോളും 80 ശതമാനം പെട്രോളും അടങ്ങിയ E20 പെട്രോള്‍ സംബന്ധിച്ച ആശങ്കകളും ആശയക്കുഴപ്പങ്ങളും അവസാനിക്കുന്നില്ല. ഈ പെട്രോള്‍ അടിച്ചാല്‍ വാഹനങ്ങള്‍ക്ക് തകരാറുണ്ടാകുമോ എന്നതാണ് പ്രധാന ആശങ്ക. എന്നാല്‍ ഈ ആശങ്കയില്‍ കഴമ്പില്ലെന്ന് പറഞ്ഞ് ഇത് സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിയിരിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇന്ധനക്ഷമത സംബന്ധിച്ചും ഇന്‍ഷുറന്‍സ് പ്രശ്നങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യങ്ങള്‍ അനാവശ്യമാണെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം വ്യക്തമാക്കി. E20 പെട്രോളിന്റെ നിരവധി ഗുണങ്ങള്‍ എടുത്തുപറഞ്ഞും വാഹന ഇന്‍ഷുറന്‍സിനെ അത് ബാധിക്കില്ലെന്ന് പറഞ്ഞും കേന്ദ്രത്തിന്റെ എഥനോള്‍ മിശ്രണ പദ്ധതിയെ മന്ത്രാലയം ന്യായീകരിച്ചു.
മെച്ചപ്പെട്ട ആക്സിലറേഷന്, ഓടിക്കാനുള്ള സുഖം, ഏറ്റവും പ്രധാനമായി E10 ഇന്ധനത്തെ അപേക്ഷിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ 30 ശതമാനം കുറവ് എന്നിവ E20യുടെ നേട്ടങ്ങളാണെന്ന് മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇതിന്റെ ഉയര്‍ന്ന ഒക്ടെയ്ന് സംഖ്യ, ആധുനിക ഹൈ കംപ്രഷന്‍ എഞ്ചിനുകള്‍ക്ക് നിര്‍ണ്ണായകമാണെന്നും മന്ത്രാലയം പറയുന്നുണ്ട്. E20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് കാറുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കവര്‍ ചെയ്യില്ലെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്തുന്ന ആരോപണമാണെന്നും അടിസ്ഥാന രഹിതമാണെന്നും E20 ഇന്ധനത്തിന്റെ ഉപയോഗം ഇന്ത്യയിലെ വാഹനങ്ങളുടെ ഇന്‍ഷുറന്‍സിന്റെ സാധുതയെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
എന്താണ് വസ്തുത
എഥനോള്‍ ചേര്‍ത്ത പെട്രോളിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകളും നടക്കുന്നതിനിടെ വാഹനയുടമകളില്‍ അനിശ്ചിതത്വം തുടരുകയാണ്. തങ്ങളുടെ വണ്ടികളില്‍ E20 പെട്രോള്‍ നിറയ്ക്കുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ലെന്ന് ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം E10 ഇന്ധനത്തില്‍ ഓടാനായി രൂപകല്‍പ്പന ചെയ്ത വണ്ടിയില്‍ E20 ഇന്ധനം നിറയ്ക്കുന്നത് എഞ്ചിന് കേടുപാടുണ്ടാക്കിയേക്കാമെന്നാണ് ഉപഭോക്താവിന് നല്കിയ മറുപടിയില്‍ ടൊയോട്ടയുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് പറയുന്നത്. അതുപോല ഈ സാഹചര്യത്തില്‍ ഒരു വണ്ടിക്ക് വരുന്ന കേടുപാടിന് വാറന്റി ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളുടെ സ്ഥിതിയെന്താണ്
തങ്ങളുടെ എല്ലാ മോട്ടോര്‍സൈക്കിളുകളും E20 ഇന്ധനവുമായി ഒത്തുപോകുന്നവയാണെന്ന് ബജാജ് മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ പഴയ വാഹനങ്ങള്‍ (BS3) ഫുള്‍ ചാങ്ക് പെട്രോളിലെ ഓരോ 1000 കിലോമീറ്ററിലും ഫ്യുവല്‍ സിസ്റ്റം ക്ലീനര്‍ ഉപയോഗിക്കണമെന്നും അവര്‍ പറയുന്നുണ്ട്.
വാഹനത്തിന്റെ പ്രകടനത്തിലും മൈലേജിലും ഇടിവുണ്ടാകുമോ എന്നതാണ് വാഹന ഉടമകളുടെ മറ്റൊരു ആശങ്ക. എനര്‍ജി ഡെന്‍സിറ്റി കുറവായതിനാല്‍ കൂടുതല്‍ ഇന്ധനം ആവശ്യമായി വരുന്നതും എഞ്ചിന് കൂടുതല്‍ കഠിനമായി പ്രവര്ത്തിക്കേണ്ടിവരുന്നതും വാഹനത്തിന്റെ പ്രകടനത്തെ ദോഷകരമായി ബാധിച്ചേക്കും.
പഴയ വാഹനങ്ങള്‍ക്ക് പ്രശ്നമോ
ഇപ്പോഴും നിരത്തിലോടുന്ന ചില പഴയ വാഹനങ്ങള്‍ എഞ്ചിന് വായു-ഇന്ധന മിശ്രിതം ലഭ്യമാക്കുന്നതിന് കാര്ബേറ്ററുകള് ഉപയോഗിക്കുന്നവയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങളിലാണ് ഇങ്ങനെ. എഥനോള്‍ ഹൈഗ്രോസ്കോപ്പിക് (ഈര്‍പ്പം എളുപ്പം വലിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്) ഇവിടെ ഈര്‍പ്പം ആഗിരണം ചെയ്യപ്പെടുകയും ഒട്ടിപ്പിടിക്കുന്ന അവശിഷ്ടങ്ങള്‍ രൂപപ്പെടുകയും ചെയ്യാം. ഈര്‍പ്പം അടിഞ്ഞാല്‍ ഇന്ധനടാങ്കില്‍ തുരുമ്പ് പിടിക്കുകയും അത് ഇന്ധന പെപ്പിലേക്കും കാര്ബറേറ്ററിലേക്കും പടരുകയും ചെയ്യാം. ഇത് ഇന്ധന സംവിധാനത്തെ തകരാറിലാക്കാം.
എന്താണ് പരിഹാരം
രണ്ട് പരിഹാരങ്ങളാണ് മുന്നിലുള്ളത്. ഒന്നുകില്‍ വാഹന നിര്‍മ്മാതാക്കള്‍ മാനുവലില്‍ പറയുന്നത് പ്രകാരം അവര്‍ നിര്‍ദ്ദേശിക്കുന്ന ഇന്ധനം വാഹനത്തില്‍ നിറയ്ക്കുക. എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കാമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ അധികകാലം പെട്രോള്‍ ടാങ്കില്‍ കിടക്കാതെ വേഗം ഉപയോഗിക്കാന്‍ നോക്കുക. അല്ലെങ്കില്‍ എഥനോള്‍ ചേര്‍ക്കാത്ത ഇന്ധനം തിരഞ്ഞെടുക്കുക.