രാജ്യത്ത് കഴിഞ്ഞ മാസം വിലക്കയറ്റം എട്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയെന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമൊക്കെ തോന്നാം. പക്ഷേ സന്തോഷിക്കാന്‍ വരട്ടെ, വിലക്കയറ്റത്തില്‍ നമ്മുടെ കേരളം ഒന്നാമതാണെന്നതാണ് അതിനുള്ള കാരണം. തുടര്‍ച്ചയായ ഏഴാം മാസവും കേരളം വിലക്കയറ്റത്തോതില്‍ ഒന്നാംസ്ഥാനത്ത് തന്നെയാണ്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലക്കയറ്റം കുറയുകയാണെങ്കില്‍ കേരളത്തില്‍ നേര്വിപരീതസ്ഥിതിയാണ്.
മൊത്തത്തിലുള്ള ചില്ലറ വിലക്കയറ്റത്തില്‍ ദേശീയ ശരാശരിയേക്കാള്‍ മുമ്പിലാണ് കേരളം. 8.89 ശതമാനമാണ് കഴിഞ്ഞ മാസത്തെ കേരളത്തിലെ ചില്ലറ വിലക്കയറ്റത്തോത്. വിലക്കയറ്റത്തോത് കൂടുതലുള്ള ജമ്മുകശ്മീര്‍ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റേത് വളരെയധികമാണ്. സംസ്ഥാനത്ത് ഗ്രാമങ്ങളില്‍ പണപ്പെരുപ്പം 10.02 ശതമാനമായി ഉയര്‍ന്നു. ജൂണിലെ 7.31 ശതമാനത്തില്‍ നിന്നുമാണ് ഈ കുതിപ്പുണ്ടായിരിക്കുന്നത്. നഗരങ്ങളിലെ വിലക്കയറ്റത്തോതിലും വര്‍ധനയുണ്ടായിട്ടുണ്ട്. ജൂണിലെ 5.69 ശതമാനത്തില്‍ നിന്നും 6.77 ശതമാനമായാണ് നഗരങ്ങളില്‍ വിലക്കയറ്റത്തോത് ഉയര്‍ന്നിരിക്കുന്നത്.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ് എന്നതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന്റെ പ്രധാനകാരണം. പച്ചക്കറികളും ധാന്യങ്ങളും ഉള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവയാണ്. ഇവ കേരളത്തിലെത്തിക്കാനുള്ള ചിലവ്, ലാഭം മുന്‍നിര്‍ത്തി വില കൂട്ടുന്നത് എന്നിവയും വിലക്കയറ്റത്തിലേക്ക് നയിക്കുന്നു. കൂടാതെ ഉപഭോഗനിരക്കിലും കേരളം മുന്നിലാണ്. മികച്ച വേതനനിലവാരമുള്ള കേരളത്തില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകതയും കൂടുതലാണ്. കൂടാതെ മാസങ്ങളായി വില കയറിക്കൊണ്ടിരിക്കുന്ന വെൡച്ചെണ്ണയും, തേങ്ങയും കേരളത്തിലെ വിലക്കയറ്റത്തോത് കൂടാന്‍ കാരണമായി
കേരളം കഴിഞ്ഞാല്‍ ജമ്മു കശ്മീര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് വിലക്കയറ്റത്തില്‍ മുമ്പില്‍. അതേസമയം രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് അസമിലാണ്. അസമില്‍ കഴിഞ്ഞ മാസം വിലക്കയറ്റം കുത്തനെ താഴേക്ക് പോയി -0.61 ശതമാനമായി. തെലങ്കാന, ഒഡീഷ, ബീഹാര്‍, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളും വിലക്കയറ്റത്തില്‍ പിന്നിലാണ്.
രാജ്യത്ത് ചില്ലറ വിലക്കയറ്റം ജൂലൈയില്‍ എട്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി ഇന്നലെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 1.55 ശതമാനമാണ് കഴിഞ്ഞ മാസം രാജ്യത്തെ ചില്ലറവിലക്കയറ്റത്തോത്. ഭക്ഷ്യ വിലപ്പെരുപ്പം കുറഞ്ഞതാണ് മൊത്തത്തിലുള്ള ചില്ലറ വിലക്കയറ്റം കുറയാനുള്ള പ്രധാനകാരണം. പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറി, ധാന്യം, മുട്ട, പഞ്ചസാര, ഗതാഗതച്ചിലവുകള്‍ എന്നിവ കുറഞ്ഞത് വിലക്കയറ്റത്തെ താഴേക്ക് പിടിച്ചുവലിച്ചു. 2025 ജൂണില്‍ 2.10 ശതമാനമായിരുന്ന വിലക്കയറ്റത്തോത് 55 ബേസിസ് പോയിന്റ് ഇടിഞ്ഞ് 1.55 ശതമാനത്തിലെത്താന്‍ ഇത് സഹായകമായി. 2017 ജൂണിന് ശേഷം ആദ്യമായാണ് വിലക്കയറ്റത്തോത് ഈ നിലയിലേക്ക് എത്തുന്നത്.