പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ സൂപ്പര്‍ ചാര്‍ജിംഗ് ശൃംഖല വിപുലീകരിക്കാന്‍ പദ്ധതിയിട്ട് അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല. ഡെല്‍ഹി എന്‍സിആര്‍, മുംബൈ, ബാംഗ്ലൂര്‍ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സൂപ്പര്‍ ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കുക. ടെസ്ല റീജിയണല്‍ ഡയറക്ടര്‍ (സൗത്ത് ഈസ്റ്റ് ഏഷ്യ) ഇസബെല്‍ ഫാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ രണ്ടാമത്തെ ടെസ്ല ഷോറൂം (എക്സ്പീരിയന്‍സ് സെന്റര്‍) ഡെല്‍ഹി എയ്റോസിറ്റിയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തു. ഗുരുഗ്രാമിലും നോയിഡയിലും സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇസബെല്‍ ഫാന്‍ പറഞ്ഞു.
ഡെല്‍ഹിയും മുംബൈയും കമ്പനിയുടെ മുന്‍ഗണനാ നഗരങ്ങളാണ്. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കമ്പനി ഗുരുഗ്രാമില്‍ തങ്ങളുടെ സൂപ്പര്‍ചാര്‍ജിംഗ് സ്റ്റേഷന് തുറക്കുമെന്ന് ഫാന്‍ പറഞ്ഞു. മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലാണ് രാജ്യത്തെ ആദ്യ ടെസ്ല ഷോറൂം തുറന്നത്. ലോവര്‍ പരേല്‍, നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ സൂപ്പര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ ടെസ്ല പദ്ധതിയിടുന്നതെന്ന് ഫാന്‍ കൂട്ടിച്ചേര്‍ത്തു. ഉടന്‍ തന്നെ ബെംഗളൂരുവിലേക്കും കമ്പനി എത്തുമെന്നും ഫാന്‍ സൂചിപ്പിച്ചു.
മൊബൈല്‍ സേവനങ്ങള്‍, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, സര്‍വീസ് സെന്റര്‍, ടെസ്ല അംഗീകൃത കൊളിഷന്‍ സെന്റര്‍ എന്നിവ ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്നും ഫാന്‍ പറഞ്ഞു.
എയ്റോസിറ്റിയില്‍ എന്തെല്ലാം…
ഡെല്‍ഹി എയ്റോസിറ്റി ഷോറൂമില്‍ മോഡല്‍ വൈ കാറുകളാണ് ടെസ്ല പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ചൈനീസ് നിര്‍മിത കാറുകളാണ് ഇവ. മോഡല്‍ വൈ ആര്ഡബ്ല്യുഡിക്ക് 59.89 ലക്ഷം രൂപയും മോഡല്‍ വൈ എല്‍ആര്‍ ആര്ഡബ്ല്യുഡിക്ക് 67.89 ലക്ഷം രൂപയുമാണ് ഡെല്‍ഹിയിലെ എക്സ് ഷോറൂം വില. 22,220 രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് കാറുകള്‍ ബുക്ക് ചെയ്യാം.
500 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 60kWh ബാറ്ററിയാണ് ആര്‍ഡബ്ല്യുഡി വേരിയന്റിന് കരുത്തേകുന്നത്. എല്‍ആര്‍ ആര്‍ഡബ്ല്യുഡി വേരിയന്റില്‍ 622 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുന്ന ബാറ്ററി നല്കിയിരിക്കുന്നു. ആര്‍ഡബ്ല്യുഡി മോഡലിന് 5.9 സെക്കന്‍ഡില്‍ 0 ല്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാവും. എല്‍ആര്‍ ആര്‍ഡബ്ല്യുഡി വേരിയന്റിന് 5.6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുണ്ട്. 201 കിലോമീറ്ററാണ് ഇരു കാറുകളുടെയും പരമാവധി വേഗത.
അതിവേഗ ചാര്‍ജിംഗാണ് മറ്റൊരു പ്രത്യേകത. ടെസ്ലയുടെ വി4 സൂപ്പര്ചാര്ജറുകള്ക്ക് 15 മിനിറ്റിലെ ചാര്‍ജിംഗില്‍ ആര്ഡബ്ല്യുഡിക്ക് 238 കിലോമീറ്ററും എല്‍ആര്‍ ആര്‍ഡബ്ല്യുഡി വേരിയന്റിന് 267 കിലോമീറ്റര്‍ വരെയും സഞ്ചരിക്കാനുള്ള പവര്‍ നല്‍കാനാവും.