പുതിയ ആദായ നികുതി ബില്‍ 2025 കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് ലോക്സഭയില്‍ അവതരിപ്പിച്ചു. പഴയ ആദായ നികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്തി ലളിതമാക്കിയിട്ടുള്ളതാണ് പുതിയ ബില്‍. ബൈജയന്ത് പാണ്ഡ അധ്യക്ഷനായ സെലക്ട് കമ്മിറ്റിയുടെ മിക്ക നിര്‍ദ്ദേശങ്ങളും അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രം പുതിയ ബില്‍ തയ്യാറാക്കിയിരിക്കുന്നത്.
1961-ലെ ആദായ നികുതി നിയമത്തിന് പകരമായി ഫെബ്രുവരി 13-ന് അവതരിപ്പിച്ച ആദായ നികുതി ബില്‍ 2025 കഴിഞ്ഞ ആഴ്ച പിന്‍വലിച്ചിരുന്നു. അതിനുശേഷമാണ് ഇന്ന് ലോക്സഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നാലായിരത്തിലധികം തവണ ഭേദഗതികള്‍ വരുത്തിയ പഴയ ആദായ നിയമം മൂലമുള്ള ആശയക്കുഴപ്പം ഇല്ലാതാക്കുകയെന്നതാണ് പുതിയ ബില്ലിന്റെ പ്രധാന ലക്ഷ്യം. കേന്ദ്രസര്‍ക്കാരിന്റെ നികുതി പരിഷ്കാര നയങ്ങളില്‍ പ്രധാനമായിരുന്നു പുതിയ ആദായ നികുതി ബില്‍. ദശാബ്ദങ്ങള്‍ പഴക്കമുള്ള ആദായനികുതി നിയമം 1961 ലളിതമാക്കി, നികുതിയടയ്ക്കലും റിട്ടേണ്‍ സമര്‍പ്പിക്കലും എളുപ്പമാക്കുക, ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുക എന്നിവയായിരുന്നു പുതിയ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
ബൈജയന്ത് പാണ്ഡ അധ്യക്ഷനായ കമ്മിറ്റിയുടെ 285ഓളം ശുപാര്‍ശകളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.