സേവിംഗ്സ് അക്കൗണ്ടുകള്‍ക്കുള്ള മിനിമം ബാലന്‍സ് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിയുടെ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്. മെട്രോ, അര്‍ബന്‍ ബ്രാഞ്ചുകളിലെ പുതിയ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ആഗസ്റ്റ് ഒന്നുമുതല്‍ മിനിമം ബാലന്‍സ് പതിനായിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയാക്കി ഉയര്‍ത്തിയ തീരുമാനമാണ് വിമര്‍ശനം ഏറ്റുവാങ്ങുന്നത്. സെമി-അര്‍ബന്‍, റൂറല്‍ ബ്രാഞ്ചുകളിലെ മിനിമം ബാലന്‍സും അഞ്ചിരട്ടി വര്‍ധിപ്പിച്ച് യഥാക്രമം 25,000 രൂപ, 10,000 രൂപ എന്നിങ്ങനെ ആക്കാനും തീരുമാനിച്ചിട്ടുണ്ട്.
മിനിമം ബാലന്‍സ് താഴെപ്പോയാല് പിഴ
പുതിയ തീരുമാനത്തിന്റെ പശചാത്തലത്തില് മിനിമം ബാലന്‍സ് 50,000 രൂപയില്‍ താഴെപ്പോയാല് എന്താണ് സംഭവിക്കുക എന്ന് നോക്കാം. ബാങ്കിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തപക്ഷം, നിര്‍ദ്ദിഷ്ട മിനിമം ബാലന്‍സില്‍ എത്രതുകയാണോ കുറവ് അതിന്റെ ആറ് ശതമാനം അല്ലെങ്കില്‍ 500 രൂപ, ഇതില്‍ ഏതാണോ കുറവ് അത് പിഴയായി ഈടാക്കും. അതേസമയം സേവിംഗ്സ് അക്കൗണ്ടിലെ ബാലന്‍സിന് പ്രതിവര്‍ഷം 2.5 ശതമാനം പലിശ ലഭ്യമാകുമെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്.
പുതിയ തീരുമാനം ഇവരെ ബാധിക്കില്ല
2025 ആഗസ്റ്റഅ ഒന്നിന് ശേഷം തുറക്കുന്ന പുതിയ സേവിംഗ്സ് അക്കൗണ്ടുകള്‍ക്കാണ് പുതിയ മിനിമം ബാലന്‍സ് തീരുമാനം ബാധകമാകുക. അതിന് മുമ്പ് തുറന്ന അക്കൗണ്ടുകള്‍ പഴയ മിനിമം ബാലന്‍സ് തുടരും. അതുപോലെ, സാലറി അക്കൗണ്ട് ഉടമകള്‍, പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകള്‍, അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് ഉടമകള്‍ എന്നിവരെ പുതിയ ഉയര്‍ന്ന മിനിമം ബാലന്‍സ് തിരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവ സീറോ ബാലന്‍സ് അക്കൗണ്ടുകളായി തുടരും.
ഗുണങ്ങളും ഉണ്ട്
മിനിമം ബാലന്‍സ് അഞ്ചിരട്ടിയായി ഉയര്‍ന്നെങ്കിലും അതിന്റെ ചില ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സൗജന്യ നെഫ്റ്റ് ഇടപാട്, പ്രതിമാസം ചാര്‍ജ് ഇല്ലാത്ത മൂന്ന് പണമിടപാടുകള്‍, അതിനുശേഷം ഇടപാട് ഒന്നിന് 150 രൂപ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളാണ് ബാങ്ക് മുന്നോട്ടുവെക്കുന്നത്. അതേസമയം ഇവയ്ക്കെല്ലാം ജിഎസ്ടി ബാധകമാണ്.
പകല്‍ക്കൊള്ളയോ
രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിയുടെ ഈ തീരുമാനത്തെ പകല്‍ക്കൊള്ളയെന്ന് ചൊല്ലിയാണ് സോഷ്യല്‍മീഡിയയില്‍ പലരും ആക്ഷേപമുന്നയിക്കുന്നത്. എസ്ബിഐ ഉള്‍പ്പടെയുള്ള പെതുമേഖല ബാങ്കുകള്‍ പിഴത്തുക വെട്ടിക്കുറയ്ക്കുകയോ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ ചെയ്ത ഘട്ടത്തിലാണ് ഐസിഐസി ഉപഭോക്താക്കള്‍ക്ക് അഞ്ചിരട്ടി ഭാരം വെച്ചകൊടുത്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ, മറ്റ് പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് എന്നിവ സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത പക്ഷം ഈടാക്കിയിരുന്ന പിഴ വെട്ടിക്കുറച്ചിരുന്നു. 2020ലാണ് എസ്ബിഐ എല്ലാ അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് പൂജ്യമാക്കി വെട്ടിക്കുറച്ചത്.
അതേസമയം ഉപഭാേക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഐസിഐസി ഒരു സ്വകാര്യബാങ്കാണെന്നും പൊതുസേവനമല്ല ലാഭമാണ് അവരുടെ ലക്ഷ്യം എന്ന വസ്തുത കാണാതെപോകരുതെന്നും ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഉയര്‍ന്ന സമ്പാദ്യമുള്ള ഉപഭോക്താക്കളെയാണ് ഈ തീരുമാനത്തിലൂടെ ഐസിഐസിഐ ലക്ഷ്യമിടുന്നതെന്നും അവര്‍ക്ക് 50,000 രൂപയെന്നത് നിസ്സാരമായ തുകയായിരിക്കുമെന്നും അവര്‍ പറയുന്നു.