ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് മെട്രോ അടക്കം പ്രധാന നഗര മേഖലകളില്‍ സേവിംഗ്സ് എക്കൗണ്ട് മിനിമം ബാലന്‍സ് കുത്തനെ ഉയര്‍ത്തി. സേവിംഗ്സ് അക്കൗണ്ടുകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ ശരാശരി ബാലന്‍സ് (എംഎബി) 10000 രൂപയില്‍ നിന്ന് 50000 രൂപയിലേക്കാണ് ഉയര്‍ത്തിയത്. 2025 ഓഗസ്റ്റ് 1 മുതല്‍ നടപടി പ്രാബല്യത്തില്‍ വരും.
ഓഗസ്റ്റ് 1ന് ശേഷം ഓപ്പണ്‍ ചെയ്യുന്ന എല്ലാ പുതിയ അക്കൗണ്ടുകള്‍ക്കും ഈ മാറ്റം ബാധകമാണ്. 2015 ന് ശേഷം ആദ്യമായാണ് മിനിമം ബാലന്‍സ് തുകയില്‍ ബാങ്ക് വര്‍ധന വരുത്തുന്നത്.
അഞ്ചിരട്ടി വര്‍ധനവ്
പരിഷ്കരിച്ച ഘടന പ്രകാരം, മെട്രോ, നഗര മേഖലകളിലെ ഐസിഐസിഐ ബാങ്ക് ശാഖകളിലെ ഉപഭോക്താക്കള്‍ ഏറ്റവും കുറഞ്ഞത് 50,000 രൂപ ശരാശരി ബാലന്‍സ് നിലനിര്‍ത്തണം. അര്‍ദ്ധ നഗര പ്രദേശങ്ങളില്‍ മിനിമം ബാലന്‍സ് തുക 5,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയരും. അതേസമയം ഗ്രാമീണ മേഖലയിലെ അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് 2500 രൂപയില്‍ നിന്ന് 10,000 രൂപയിലേക്കും ഉയരും.
പിഴ 6% അല്ലെങ്കില്‍ 500 രൂപ
എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ മിനിമം ബാലന്‍സും തുകയും തമ്മിലുള്ള വ്യത്യാസത്തിന്റെ 6 ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ബാങ്ക് ഈടാക്കും. ഉദാഹരണത്തിന്, ഒരു മെട്രോ ബ്രാഞ്ചിലെ എക്കൗണ്ടില്‍ മിനിമം ബാലന്‍സ് തുകയില്‍ 10,000 രൂപയുടെ കുറവ് ഉണ്ടായാല്‍ സാധാരണയായി 600 രൂപ പിഴ ഈടാക്കും. എന്നാല്‍ പുതിയ മാനണ്ഡ പ്രകാരം പിഴ 500 രൂപയായി കുറയും.
സൗജന്യ നിക്ഷേപം 1 ലക്ഷം രൂപ വരെ
ക്യാഷ് ട്രാന്സാക്ഷന് നിയമങ്ങളും ബാങ്ക് പരിഷ്കരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് പ്രതിമാസം മൂന്ന് സൗജന്യ ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകള്‍ ലഭിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപ തുക 1 ലക്ഷം രൂപ കടന്നാല്‍ ഓരോ ഇടപാടിനും 150 രൂപ അല്ലെങ്കില്‍ നിക്ഷേപിക്കുന്ന 1,000 രൂപയ്ക്ക് 3.50 രൂപ (ഏതാണോ ഉയര്‍ന്നത്്) വീതം ചാര്‍ജായി ഈടാക്കും. ഇടപാടുകളുടെ എണ്ണവും മൂല്യ പരിധിയും ലംഘിക്കുകയാണെങ്കില്‍, ബാധകമായ രണ്ട് ചാര്‍ജുകളില്‍ ഉയര്‍ന്നത് ഈടാക്കും. തേഡ് പാര്‍ട്ടി ക്യാഷ് ഡെപ്പോസിറ്റുകള്‍ ഓരോ ഇടപാടിനും 25,000 രൂപയായി പരിമിതപ്പെടുത്തും.