ട്രംപ് വിരട്ടിയാലുടനെ നിര്‍ത്താനാവുമോ ഇന്ത്യക്ക് റഷ്യന്‍ എണ്ണ ഇറക്കുമതി. സാധിക്കില്ലെന്നതാണ് വാസ്തവം. യുഎസും യൂറോപ്യന്‍ യൂണിയനും നിശ്ചയിച്ചിരിക്കുന്ന പ്രൈസ് ക്യാപ്പില്‍, ഡിസ്കൗണ്ട് നിരക്കിലാണ് നിലവില്‍ ഇന്ത്യക്ക് റഷ്യന്‍ എണ്ണ ലഭിക്കുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിയാല്‍ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ബില്‍ 2026 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 9 ബില്യണ്‍ ഡോളറും 2027 സാമ്പത്തിക വര്‍ഷത്തോടെ 12 ബില്യണ്‍ ഡോളറും വരെ കുത്തനെ ഉയരുമെന്ന് എസ്ബിഐ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയെ പോലെ 150 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തിന് കൂടിയ ചെലവിലുള്ള ഇന്ധനം വാങ്ങല്‍ വലിയ നഷ്ടമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 137 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
വിലക്കുറവ് അവസരം
ഉക്രെയ്ന് യുദ്ധം ചൂണ്ടിക്കാട്ടി പാശ്ചാത്യ രാജ്യങ്ങള്‍ മോസ്കോയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം, 2022 മുതല്‍ ഇന്ത്യ വിലക്കുറവില്‍ റഷ്യന്‍ എണ്ണ വാങ്ങുകയാണ്. റഷ്യന്‍ എണ്ണയ്ക്ക് ബാരലിന് 60 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത് ഇന്ത്യ വലിയ ലാഭം നേടുകയും ചെയ്തു. ഇത് കേവലം ഇന്ത്യയുടെ ഉപഭോഗത്തിന് മാത്രമായിരുന്നില്ല. റഷ്യന്‍ ക്രൂഡ് ശുദ്ധീകരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മറ്റും നല്കി. ആഗോള വിപണിയില്‍ എണ്ണ വില പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ ഇപ്രകാരം വലിയ സഹായമാണ് ഇക്കാലത്ത് ചെയ്തത്.
ഇക്കാലത്ത് റഷ്യ ഇന്ത്യയുടെ മുന്‍നിര എണ്ണ വിതരണക്കാരായി മാറുകയും ചെയ്തു. ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 2020 സാമ്പത്തിക വര്‍ഷത്തിലെ 1.7% ല്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 35.1% ആയി ഉയര്‍ന്നു. വാസ്തവത്തില്‍, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഇറക്കുമതി ചെയ്ത 245 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടി) അസംസ്കൃത എണ്ണയില്‍ 88 എംഎംടി റഷ്യയില്‍ നിന്നാണ്.
എന്നാല്‍ 2026 സാമ്പത്തിക വര്‍ഷത്തിന്റെ മധ്യത്തില്‍ ഇന്ത്യ ഈ വാങ്ങല്‍ നിര്‍ത്തിയാല്‍, ഈ വര്‍ഷം എണ്ണ ഇറക്കുമതി ബില്‍ 9 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള വിലയിലെ വര്‍ദ്ധനവ് കാരണം അടുത്ത വര്‍ഷം ഇന്ത്യയുടെ ഇന്ധന ബില്‍ ഏകദേശം 11.7 ബില്യണ്‍ ഡോളറാകുമെന്നും എസ്ബിഐ കണക്കാക്കുന്നു.
വില ഉയരും
നിലവില്‍ ലോകത്തിനാവശ്യമായ ക്രൂഡ് ഓയിലിന്റെ 10% റഷ്യയാണ് നല്‍കുന്നത്. ഒന്നിലധികം രാജ്യങ്ങള്‍ ഒരേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയാല്‍ ക്രൂഡ് ഓയില്‍ വില ഏകദേശം 10% ഉയരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇത് ഇന്ത്യയെ മാത്രമല്ല ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രതികൂലമായി ബാധിക്കും.
ഇന്ത്യക്ക് മികച്ച ഓപ്ഷനുകള്‍
ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഒരു രാജ്യത്തെ മാത്രം ആശ്രയിച്ചല്ല നില്‍ക്കുന്നത് എന്നതാണ് ഗുണകരമായ കാര്യം. ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ പരമ്പരാഗത വിതരണക്കാര്‍ ഉള്‍പ്പെടെ ഏകദേശം 40 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ എണ്ണ വാങ്ങുന്നത്. ആവശ്യമെങ്കില്‍ ഇന്ത്യയിലെ റിഫൈനര്‍മാര്‍ക്ക് കൂടുതല്‍ എണ്ണ ആവശ്യപ്പെടാന്‍ അനുവദിക്കുന്ന വാര്‍ഷിക കരാറുകള്‍ ഈ രാജ്യങ്ങളുമായുണ്ട്. ഇതോടൊപ്പം ഗയാന, ബ്രസീല്‍, കാനഡ തുടങ്ങിയ പുതിയ എണ്ണ വിതരണക്കാരും രംഗത്ത് വന്നിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ ഓപ്ഷനുകളും മികച്ച ഊര്‍ജ്ജ സുരക്ഷയും നല്കുന്നു.
റഷ്യന്‍ എണ്ണ ഇല്ലെങ്കിലും, ഇന്ത്യയ്ക്ക് തങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് നിലവിലുള്ള ഈ ബന്ധങ്ങളെ ആശ്രയിക്കാന്‍ കഴിയും. എന്നാല്‍ ആഗോളതലത്തില്‍ എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ മൊത്തത്തിലുള്ള ഇറക്കുമതി ചെലവുകള്‍ വര്‍ധിപ്പിക്കും.