ചെലവ് കുറഞ്ഞ രീതിയില്‍ എങ്ങനെ കൃഷി ചെയ്യാം എന്ന വലിയ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ട് ജൈവഗൃഹം കാര്‍ഷിക കൂട്ടായ്മയുടെ കര്‍ഷക സംഗമം എറണാകുളം ഗിരിനഗര്‍ എല്‍പി സ്കൂള്‍ അംഗണത്തില്‍ നടന്നു. അധ്യാപകനും കര്‍ഷകനുമായ വിജയന് ടികെയുടെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്. സികെ മുരളി വിത്ത് പുര എന്ന ആശയത്തിന്റെ ഉദ്ഘടനം നടത്തി. സെയ്ദ് വിത്ത്പുരയില് നിന്നുള്ള വിത്തിന്റെ വിതരണം നടത്തി. മുളവ്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാര്ട്ടിന് മുഖ്യ പ്രഭാഷണം നടത്തി.

വീട്ടിലും തൊടിയിലും ലഭ്യമായ കഞ്ഞിവെള്ളം, ചാരം, തേങ്ങാവെള്ളം, അടുക്കള മാലിന്യം, പഴത്തൊലി എന്നിവയ്ക്കൊപ്പം കരിയിലകള്‍, പച്ചിലകള്‍ പുല്ല് എന്നിവ ചേര്‍ത്ത് വളമൊരുക്കി വിത്തിട്ട് അടുക്കളത്തോട്ടം നിര്‍മിക്കുന്ന കൃഷി രീതിയാണ് സാധ്യതകൃഷി. ഇതിലൂടെ കീടനാശിനികള്‍, വളം എന്നിവയ്ക്കായി ചെലവാക്കുന്ന തുക ലാഭിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നു. സാധാരണക്കാരായ ജനങ്ങളെ കൃഷിക്ക് പ്രാപ്തരാക്കുക എന്നതാണ് ജൈവഗൃഹം കൂട്ടായ്മയിലൂടെ ഉദേശിക്കുന്നത്.
എങ്ങനെ കൃഷി ചെയ്യണം എന്നത് സംബന്ധിച്ച വിദഗ്ധ പരിശീലനം വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള ജൈവഗൃഹത്തിലെ കര്‍ഷകര്‍ അംഗങ്ങള്‍ക്ക് നല്കുന്നു. കൃഷി സംബന്ധമായ വീഡിയോകള്‍, ഓഡിയോകള്‍, ഫോട്ടോകള്‍ എന്നിവ പങ്കുവച്ചുകൊണ്ടാണ് പരിശീലനം.

കാര്ഷികപരിശീലനം
ജൈവഗൃഹാംഗങ്ങള്ക്ക് ആവശ്യമായ പച്ചക്കറിവിത്തുകള്‍ വിത്തുപുര എന്ന ആശയം വഴി ലഭ്യമാക്കുന്നു. ഒരു വിത്ത് സ്വീകരിച്ചാല്‍ വിളവെടുപ്പിനു ശേഷം രണ്ട് വിത്ത് കര്‍ഷകര്‍ തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വിത്തുപുര പ്രവര്‍ത്തിക്കുന്നത്.
അവനവന് വേണ്ട കാര്‍ഷിക വിഭവങ്ങള്‍ സ്വന്തമായി കൃഷി ചെയ്തെടുക്കാനും അതിലൂടെ ഒരു വരുമാന മാര്‍ഗം കണ്ടെത്താനും സഹായിക്കുന്ന കൂട്ടായ്മയാണ് ജൈവഗൃഹം. സ്വന്തം ഗൃഹത്തിന് പുറത്തെ കാര്‍ഷിക ഗ്രഹമാണ് ജൈവഗൃഹം.

പച്ചക്കറി കൃഷി, പൂ കൃഷി, പക്ഷി-മൃഗ പരിപാലനം എന്നിവയില്‍ അധിഷ്ഠിതമായി വിവിധങ്ങളായ കാര്‍ഷിക മത്സരങ്ങള്‍ നടത്തി കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്കുന്നു.
ഓണക്കാലത്ത് വിളവെടുക്കുന്ന പച്ചക്കറികളുടെ വിപണനത്തിനായി ജൈവഗൃഹം എറണാകുളത്ത് വേദിയൊരുക്കുന്നു.
നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് കര്‍ഷകര്‍ക്കായി ഒരു അഗ്രി പ്രൊഡ്യൂസര്‍ കമ്പനിക്കായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക കൂട്ടായ്മ മുന്നോട്ട് പോകുന്നത്.