ഈ കാലഘട്ടത്തില്‍ നിരന്തരം മുഖം മിനുക്കല്‍ നടന്നുകൊണ്ടിരിക്കുന്ന വികസന ഭൂമികയാണ് ടൂറിസം. അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും. വരും നാളുകള്‍ കേരളത്തില്‍ ഏറ്റവും വിജയിക്കുന്ന വ്യവസായമായി ടൂറിസം വളരേണ്ടതുണ്ട്. എന്തുകൊണ്ടാണ് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ എപ്പോഴും നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതാണ് ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്
കഴിഞ്ഞ വര്‍ഷത്തെ അന്തര്‍ദേശീയ ഉത്തരവാദിത്ത ടൂറിസം ഗ്ലോബല്‍ അവാര്‍ഡ് കേരളത്തിനായിരുന്നു ലഭിച്ചത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന് അവാര്‍ഡ് ലഭിച്ചത്. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ലേഖനം എഴുതുന്നത്. എണ്‍പതുകളിലാണ് കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ അനാവരണം ചെയ്യപ്പെടുന്നതും ടൂറിസത്തെ വ്യവസായമായി അംഗീകരിക്കുന്നതും. തുടര്‍ന്ന് അതിവിപുലമായ മുന്നേറ്റം നമുക്കുണ്ടാക്കുവാന് സാധിച്ചിട്ടുണ്ട്.
വയനാട്, ഇടുക്കി ജില്ലകളെ മാത്രം ഉദാഹരിച്ചാല്‍ മതി നമ്മുടെ വികസനക്കുതിപ്പിനെക്കുറിച്ചറിയാന്. കര്‍ഷകരുടെ പരിദേവനങ്ങളും കെടുതികളും ജീര്‍ണാവസ്ഥയിലുള്ള റോഡുകളും മികവില്ലാത്ത ചികിത്സാ സൗകര്യങ്ങളുമുള്ള മലയോര മേഖല ഇന്നങ്ങിനെയാണോ? ലോകമെമ്പാടും നടന്ന ടൂറിസംബൂമില് ഇന്ത്യയും കേരളവും മുന്നേറി. മാന്യമായ ബജറ്റ് വിഹിതങ്ങള്‍ ടൂറിസത്തിന് ലഭിച്ചു തുടങ്ങി. പ്രത്യേക സര്‍ക്കാര്‍ വകുപ്പുകളും മിഷനുകളും രൂപീകൃതമായി.

മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് വിഭിന്നമായി ഭാരതത്തിന്റെ പ്രത്യേകത അതിന്റെ വൈവിധ്യങ്ങളാണ്. കാലാവസ്ഥ ആയാലും ഭൂമിശാസ്ത്രമായാലും സാമൂഹിക സാംസ്കാരിക മേഖല ആയാലും സസ്യജന്തുവിഭാഗങ്ങളായാലും ഭക്ഷണമായാലും ഇന്ത്യയിലുള്ള വൈവിധ്യം വേറെ എവിടെക്കാണും? ഏത് സീസണിലും വിദേശിക്ക് വിരുന്നൊരുക്കുവാനുള്ള കുശിനി നമുക്കുണ്ട്. ഒരാഗോള ടൂറിസ്റ്റിന് വേണ്ടതൊക്കെ നമ്മുടെ നാട്ടിലുണ്ട്.
ഇന്ത്യന്‍ ടൂറിസം മേഖലയെ പ്രധാനമായും താഴെ പറയുന്ന തരത്തില്‍ തിരിക്കാം.
- ഉല്ലാസ (leisure) ടൂറിസം
- സാഹസിക (adventure) ടൂറിസം
- ആരോഗ്യ (wellness) ടൂറിസം
- പൈതൃക (heritage) ടൂറിസം
- ആധ്യാത്മിക (spiritual) ടൂറിസം
- പ്രാകൃതിക (Eco) ടൂറിസം
കോവിഡ് കാലത്തെ വന്‍തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വരവ് നാലു മടങ്ങായി വര്‍ദ്ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശികള്‍ക്ക് ഇന്ത്യ പ്രിയങ്കരമാകുന്ന ഒരിടമാകുന്നതിന്റെ ഏതാനും സൂചകങ്ങളിതാ.
- ഫോബ്സ് മാഗസീന്റെ കണക്കില്‍ ലോകത്തിലെ ഏഴാമത്തെ സുന്ദരരാജ്യമാണ് ഭാരതം.
- 2021 ല്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശ ടൂറിസ്റ്റുകള്‍ 1.2 ദശലക്ഷമായിരുന്നു. 2022 ല്‍ അത് 2.1ദശലക്ഷമായും 2023 ല്‍ 4.38 ദശലക്ഷമായും വര്‍ദ്ധിച്ചു. അതായത് ഒരൊറ്റ വര്‍ഷത്തില്‍ 106 % വര്‍ദ്ധന.
- ഇന്ത്യയുടെ ജിഡിപിയില്‍ ടൂറിസത്തിന്റെ പങ്ക് 170 ബില്യണ്‍ ഡോളര്‍. 2047ല്‍ പ്രതീക്ഷിക്കുന്നതാകട്ടെ ഒരു ട്രില്യണ്‍ ഡോളറും.
- ലോക ട്രാവല്‍ & ടൂറിസം വികസന റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം 54 ആണ്. കോവിഡിന് മുന്‍പത്തെ വര്‍ഷം ഇത് 46 ആയിരുന്നു എന്നും എട്ടു സ്ഥാനങ്ങള്‍ താഴേക്ക് പോയെന്നും അറിയുക.
- ഭാരതത്തിന്റെ ജിഡിപിയുടെ അഞ്ചു ശതമാനത്തോളം ടൂറിസത്തിന്റെ സംഭാവനയാണ്. ഈ രംഗത്തെ തൊഴില്‍ മേഖല 32 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്നു.
- 2032 ആകുമ്പോഴേക്കും ടൂറിസം രംഗത്തെ നാം പ്രതീക്ഷിക്കുന്ന സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (CA-GR) 11.4% ആണ്.
രാജ്യത്തുടനീളം കുതിക്കുന്ന അടിസ്ഥാന സൗകര്യ വികസനം, അവയില്‍ തന്നെ – റോഡുകള്‍, ആതിഥ്യ സംരംഭങ്ങള്‍, ആരോഗ്യരംഗത്തെ വിപുലീകരണം, എയിംസ് ഉള്‍പ്പെടെ ലോകോത്തര നിലവാരത്തിലുള്ള ആശുപത്രികള്‍, UNESCO അംഗീകാരത്തോടെയുള്ള പൈതൃകസംരക്ഷണം, ക്ഷേത്ര നഗരങ്ങളുടെയും മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും വികസനം, ഇവയൊക്കെ ഇന്ത്യന്‍ ടൂറിസത്തിന്റെ വികസനഗതിവേഗത്തിനാക്കം കൂട്ടുന്നവയാണ്.

വിദേശ ടൂറിസത്തെക്കാളും വിപുലമായ മാര്‍ക്കറ്റാണ് ആഭ്യന്തര ടൂറിസത്തിന് ഇന്ത്യയിലുള്ളത്. 2021 ല്‍ 6.7 കോടി സ്വദേശി ടൂറിസ്റ്റുകളുണ്ടായിരുന്നത് 2022 ല്‍ 17.31 കോടിയായാണ് ഇത് വര്‍ദ്ധിച്ചത്. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം, കാലാവസ്ഥയുടെ അന്തരം, വിവിധ മതാനുഷ്ഠാനങ്ങളുടെ ഇരിപ്പിടങ്ങളായ ദേവാലയശ്രേണി, ചരിത്ര സ്മാരകങ്ങള്‍, കോട്ടകൊത്തളങ്ങള്‍, കൊട്ടാരങ്ങള്‍.. ഇവയ്ക്ക് പുറമേ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിത നിറഞ്ഞ ഭൂമികകള്‍. ഇവയൊക്കെ നമ്മുടെ നാടിനെ അപാര ടൂറിസം സാധ്യതകളുള്ള നാടാക്കി മാറ്റിയിരിക്കുന്നു. എക്സ്പ്രസ് ഹൈവേകളുടെ വശങ്ങളില് വരാനിരിക്കുന്ന വാണിജ്യ വൈപുല്യം, തീവണ്ടികളുടെ നവീകരണം, വന്ദേ ഭാരത് ശ്രേണി, റെയില്‍വേ സ്റ്റേഷനുകളുടെ മുഖം മിനുക്കല്‍, വാണിജ്യ ഇടനാഴികള്‍, സാംസ്കാരിക-പൈതൃക ഇടനാഴികള്‍… ഭാരതത്തിന്റെ ടൂറിസം മേഖല പ്രതീക്ഷിക്കുന്നത് സുവര്‍ണ കാലഘട്ടമാണ്.
Network of Indian MICE (Meetings. Incentives, Conferences & Exhibitions) എന്ന സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ രാജ്യത്തിന്റെ ഔട്ട് ബൗണ്ട് ടൂറിസത്തിന്റെ മൂല്യം 15.2 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ തുറന്ന ഏഷ്യയിലെ ഏറ്റവും വലിയ കണ്വെന്ഷന് സെന്ററായ യശോഭൂമി വരാനിരിക്കുന്ന വികസനത്തിന്റെ നാന്ദിയാണ്. ഈ ബൃഹദ് പദ്ധതിയുടെ മുതല്‍മുടക്ക് 27000 കോടിയാണ്. ആദ്യഘട്ടത്തില്‍ 73000 ചതു: കി മീ നിര്‍മിതി വിസ്തീര്‍ണത്തില്‍ പതിനഞ്ചു കണ്വെന്ഷന് സെന്ററുകളാണ് ഇവിടെ ആരംഭിച്ചത്.
കേരളത്തിന്റെ സാധ്യതകള്‍
ദൈവത്തിന്റെ സ്വന്തം നാട് (God’s Own Country) എന്ന ടാഗ് ലൈന്‍ അര്‍ത്ഥവത്താക്കുന്ന രീതിയിലാണ് വന്‍ കുതിച്ചുചാട്ടം കേരളം നടത്തിയത്. 2019ല്‍ സിഎന്‍എന്‍ ട്രാവലിന്റെ ലോകത്തിലെ മികച്ച 19 ടൂറിസ്റ്റ് ഇടങ്ങളില്‍ കേരളവുമുണ്ട്. ടൈം മാഗസിന് 2022ല്‍ പ്രഖ്യാപിച്ച 50 അനന്യസാധാരണ (extraordinary) ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കേരളമുണ്ട്. 2023 ല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ ‘ലോകത്തിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട (must see) ഇടങ്ങളില്‍ നമ്മുടെ സംസ്ഥാനവും ഇടം പിടിച്ചിട്ടുണ്ട്!
പ്രകൃതിയുടെയും കാലാവസ്ഥയുടെയും വൈവിധ്യവും, മഴയുടെ അനുഗ്രഹത്താലുള്ള സ്ഥായിയായ പച്ചപ്പും നമ്മുടെ സ്വകാര്യ അഹങ്കാരങ്ങളാണല്ലോ. കടലോരങ്ങളുടെ കുളിര്നനവില് നിന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സഹ്യന്റെ മഞ്ഞണിഞ്ഞ ഗാംഭീര്യത്തിലേക്ക് യാത്രികന് പോകാന്‍ പറ്റിയ വേറെ ഏതൊരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍! സൈലന്റ് വാലിയും വയനാടും അടക്കമുള്ള സംരക്ഷിത വനങ്ങള്‍ നല്കുന്ന ഇക്കോ ടൂറിസം സാധ്യതകള്‍, ഏറ്റവും അടുത്ത കാലത്ത് നമ്മുടെ ടൂറിസം മാപ്പില്‍ ഇടം പിടിച്ച അഡ്വഞ്ചര്‍ ടൂറിസം ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തില്‍ വെല്‍നസ്സ് ടൂറിസത്തിനുള്ള നായകസ്ഥാനം, ലോക പ്രശസ്ത ക്ഷേത്രങ്ങളായ ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ ദേവാലയങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്യൂട്ടുകള്‍… ഇവയെല്ലാം നമുക്ക് നല്‍കുന്നത് ടൂറിസത്തിന്റെ അനന്തസാധ്യതകളാണ്. എങ്കിലും നമ്മുടെ കുതിപ്പിന് വിലങ്ങുതടിയായ പല ഘടകങ്ങളുമുണ്ട്.
സ്ഥലദൗര്‍ലഭ്യം, നിയന്ത്രണാതീതമായ നിര്‍മാണങ്ങള്‍, റോഡുകളുടെയുംജല നിര്ഗമനങ്ങളുടെയും അപര്യാപ്തത, മാലിന്യ നിര്‍മാര്‍ജനം നേരിടുന്ന പ്രശ്നങ്ങള്‍ ഇവയൊക്കെ പ്രതിബന്ധങ്ങളാണ്. ടൂറിസം വകുപ്പിന്റെയും വിവിധ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ മുഖേന ജനങ്ങള്‍ക്കിടയില്‍ ടൂറിസത്തിനുള്ള പ്രാധാന്യവും ടൂറിസ്റ്റുകളോടുള്ള മനോഭാവവും കൂടി വരുന്നുണ്ട്. എങ്കിലും മദ്യം-മയക്കുമരുന്നുകളുടെ സ്വാധീനവും, കുറ്റകൃത്യവാസനകളും നമ്മെ പലപ്പോഴും വിഷമഘട്ടത്തിലാക്കുന്നുണ്ട്.

ടൂറിസ്റ്റ് സൗഹൃദപരമായ അന്തരീക്ഷം ഇനിയും വളരാനുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്ത ടൂറിസത്തിന്റെ ലക്ഷ്യങ്ങളില്‍ കൂട്ടായ്മകള്‍ക്ക് പ്രകടമായ പങ്കുണ്ട്. സ്ത്രീപക്ഷ സംരംഭങ്ങള്‍ക്കും സാധ്യതകള്‍ ഏറെ. കുട്ടികളില്‍ ടൂറിസത്തെക്കുറിച്ച് അവബോധം നല്കുന്നതിനാവിഷ്കരിച്ച ടൂറിസം ക്ലബ്ബുകളുടെ മുദ്രാവാക്യം തന്നെ ‘We are in this together’ എന്നാണ്. അടുത്ത തലമുറയില്‍ ടൂറിസത്തോട് കുറെക്കൂടി സൗഹൃദപരമായ ആഭിമുഖ്യം വളര്‍ത്തുന്ന നടപടികള്‍ തികച്ചും ശ്ലാഘനീയമാണ്.
വരും നാളുകളില്‍ കേരള ടൂറിസത്തെ മുന്നോട്ടു നയിക്കാനുതകുന്ന ഏതാനും ട്രെന്‍ഡിയായ നിര്‍ദ്ദേശങ്ങള്‍ താഴെ കൊടുക്കുന്നു:
- റിട്രീറ്റ് ടൂറിസം അഥവാ സുഖചികിത്സാ ടൂറിസം:
ആയുര്‍വേദത്തിന് കൂടുതല്‍ പ്രചാരവും പ്രാധാന്യവും ആയുഷ്മന്ത്രാലയം നല്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ റിട്രീറ്റ് സെന്ററുകള്‍ക്ക് പ്രസക്തിയുണ്ട്.
- തദ്ദേശീയ (Local / Ethnic) ടൂറിസം:
ഗ്രാമീണ ജീവിതത്തിന്റെ അനുഭവങ്ങള്‍ നേരിട്ടറിയുന്ന അനുഭവവേദ്യ (experiential) ടൂറിസത്തിന് സാധ്യതയുണ്ട്. ടെന്റ് / കാരവന് ടൂറിസം ഉദാഹരണത്തിന്.
- ട്രെക്കിങ്ങ്, സോളോ ട്രിപ്പുകള്‍:
പ്ലാനിങ്ങിന്റെ അസ്വാതന്ത്ര്യം ഒഴിവാക്കി സൗഹൃദ സഞ്ചാരം നടത്തുന്നവര്‍ക്ക് അനുയോജ്യമായ ട്രെക്കിങ്ങ് പോയന്റുകള്‍ വികസിപ്പിക്കുക. ഹോം സ്റ്റേ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക. വ്ളോഗിങ്ങ് പ്രോത്സാഹിപ്പിക്കുക.
- പൈതൃക (heritage) ടൂറിസം:
ഓരോ സ്ഥലത്തെയും പൈതൃക അടയാളങ്ങളെ യോജിപ്പിച്ചു കൊണ്ടുള്ള ഹെറിറ്റേജ് വാക്ക് പോലുള്ള പദ്ധതികള്‍, പഠനയാത്രകള്‍.
- കലാ-സാംസ്കാരിക ടൂറിസം:
കേരളം കലാവൈവിധ്യത്തിന് പുകള്‍പെറ്റ നാടാണല്ലോ? ക്ഷേത്രോത്സവങ്ങള്‍ കൂടുതല്‍ ക്ലാസിക്കല്‍ രീതിയില്‍ നടത്തുക, കളിയാട്ടങ്ങള്‍, പൂരം, പടയണി, പെരുന്നാളുകള്‍, സര്‍ഗോത്സവങ്ങള്‍, സാഹിത്യ മേളകള്‍, പുസ്തകച്ചന്തകള്‍, ഇവയെല്ലാം കലാവൈവിധ്യത്തിന്റെ അനുഭവം പകരുന്നവയാണ്. നമ്മുടെ സംസ്ഥാന യുവജനോത്സവം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാകൂട്ടായ്മയാണ്. തെയ്യങ്ങളെക്കുറിച്ച് പഠിക്കാന്‍ നിരവധി വിദേശി ടൂറിസ്റ്റുകള്‍ വരാറുണ്ട്. കേരള കലകളായ കഥകളിക്കും മോഹിനിയാട്ടത്തിനുമൊക്കെ കടല്‍ കടന്ന പ്രശസ്തിയാണുള്ളത്.
- MICE (Meetings, Incentives, Conferences & Expos) ടൂറിസം:
മീറ്റിങ്ങുകള്‍ക്കും സെമിനാറുകള്‍ക്കും എക്സ്പോ കള്‍ക്കുമുള്ള സ്ഥിരം വേദി കൊച്ചി പോലുള്ള നഗരങ്ങളില്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഡെസ്റ്റിനേഷന്‍ ഇവന്റുകള്‍ക്ക് പ്രചാരം വര്‍ദ്ധിക്കുന്ന സമയമാണ്. അതിനു പറ്റിയ റിസോര്‍ട്ടുകളും ഇടങ്ങളും വികസിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തില്‍ നിരന്തരം മുഖം മിനുക്കല്‍ നടന്നുകൊണ്ടിരിക്കുന്ന വികസന ഭൂമികയാണ് ടൂറിസം. അടിസ്ഥാന സൗകര്യത്തോടൊപ്പം ഗതാഗതം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളിലും നമുക്ക് സംഘടിതമായി വളരെയേറെ മുന്നേറാനുണ്ട്. ഒപ്പം ടൂറിസ്റ്റുകളോടുള്ള പോസിറ്റീവ് മനോഭാവത്തിലും. വരും നാളുകള്‍ കേരളത്തില്‍ ഏറ്റവും വിജയിക്കുന്ന വ്യവസായമായി ടൂറിസം വളരേണ്ടതുണ്ട്.