ബോണ്‍വിറ്റ അടക്കം ഹെല്‍ത്ത് ഡ്രിങ്കുകളും എല്ലാ പാനീയങ്ങളും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം എല്ലാ ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ക്കും നിര്‍ദേശം നല്കി.
2005ലെ സിപിസിആര്‍ ആക്ട് സെക്ഷന്‍ 14 പ്രകാരമുള്ള അന്വേഷണത്തിന് ശേഷം, നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സാണ് ഇതിന് ആധാരമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് നല്‍കിയത്.
ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) എല്ലാ ഇ-കൊമേഴ്സ് കമ്പനികളോടും പാല്‍പ്പൊടിയും ധാന്യങ്ങളും അടിസ്ഥാനമാക്കിയുള്ള പാനീയങ്ങളെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ അല്ലെങ്കില്‍ ‘എനര്‍ജി ഡ്രിങ്ക്’ എന്ന് ലേബല്‍ ചെയ്യരുതെന്ന് ഈ മാസത്തിന്റെ തുടക്കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്തെ ഭക്ഷ്യ നിയമങ്ങളില്‍ ‘ഹെല്‍ത്ത് ഡ്രിങ്ക്’ എന്ന പദം നിര്‍വചിച്ചിട്ടില്ല. ‘എനര്‍ജി ഡ്രിങ്ക്’ എന്നത് നിയമങ്ങള്‍ പ്രകാരം കാര്‍ബണേറ്റഡ്, നോണ്‍-കാര്‍ബണേറ്റഡ്, ഫ്ളേവേഡ് വാട്ടര്‍ അധിഷ്ഠിത പാനീയങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ഹെല്‍ത്ത് ഇന്‍ഫ്ളുവന്‍സറായ ഒരു വ്യക്തി ബോണ്‍വിറ്റയ്ക്കെതിരെ ഇറക്കിയ വീഡിയോയാണ് നടപടികളിലേക്കെത്തിയത്. പഞ്ചസാരയും കൊക്കോയും നിറങ്ങള്‍ നല്കുന്ന രാസവസ്തുക്കളുമാണ് ബോണ്വിറ്റയിലെന്നാണ് ഇയാള്‍ സ്ഥാപിച്ചത്. ബോണ്‍വിറ്റ നിയമരമായ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് പിന്നീട് എഫ്എസ്എസ്എഐ നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയുണ്ടായി.
ഒരു മാര്‍ക്കറ്റ് പഠനം അനുസരിച്ച്, ഇന്ത്യന്‍ എനര്‍ജി ഡ്രിങ്ക്, സ്പോര്‍ട്സ് ഡ്രിങ്ക് വിപണി നിലവില്‍ 4.7 ബില്യണ്‍ ഡോളറിന്റേതാണ്. 2028 ഓടെ ഇത് 5.71 ശതമാനം വാര്‍ഷിക നിരക്കില്‍ വളരുമെന്ന് പ്രതീക്ഷിക്കുന്നു.