കര്‍ഷക പ്രക്ഷോഭം മൂലമുള്ള തടസങ്ങള്‍ കാരണം ഡെല്‍ഹിയില്‍ ഇതുവരെ ഏകദേശം 300 കോടി രൂപയുടെ വ്യാപാര നഷ്ടം ഉണ്ടായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി). പര്‍ച്ചേസുകള്‍ക്കായി ഹരിയാനയും ഉത്തര്‍പ്രദേശുമടക്കം അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഡെല്‍ഹി സന്ദര്‍ശിക്കുന്ന വ്യാപാരികളില്‍ 5 ലക്ഷത്തോളം പേരുടെ കുറവ് വന്നിട്ടുണ്ട്. ഇതാണ് കച്ചവട നഷ്ടത്തിലേക്ക് നയിച്ചിരിക്കുന്നത്.
വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്ന നിയമനിര്‍മാണം കൊണ്ടുവരികയെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ‘ഡെല്‍ഹി ചലോ’ പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
ഫെബ്രുവരി 13 നാണ് പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ആരംഭിച്ചത്. ശംഭു, ഖനൗരി അതിര്‍ത്തികളില്‍ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരിക്കുകയാണ്. കര്‍ഷകര്‍ അതിര്‍ത്തിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.