അനുകൂല ഘടകങ്ങളുടെ പിന്തുണയില്‍ മൂന്നാം പാദത്തില്‍ മികച്ച നേട്ടമുണ്ടാക്കി ടാറ്റ മോട്ടോഴ്സ്. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റലാഭം എല്ലാ പ്രവചനങ്ങളെയും മറികടന്ന് 7,025 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ സമാന പാദത്തില്‍ 2,957.71 കോടി രൂപയായിരുന്നു അറ്റലാഭം. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മികച്ച ബിസിനസാണ് ടാറ്റയ്ക്ക് ഇത്തവണയും തുണയായത്. ഇതോടൊപ്പം അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതും വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതും മികച്ച ഉല്‍പ്പന്ന വൈവിധ്യവും നേട്ടമായി.
രണ്ടാം പാദത്തെ അപേക്ഷിച്ചും ടാറ്റയ്ക്ക് നേട്ടമാണ്. 3764 കോടി രൂപയായിരുന്നു രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റ ലാഭം. മൂന്നാം പാദത്തില്‍ ഇതും ഏകദേശം ഇരട്ടിയിലേക്കെത്തി.
കമ്പനിയുടെ വരുമാനം കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തിലെ 88,489 കോടി രൂപയില്‍ നിന്ന് 24.9 ശതമാനം ഉയര്‍ന്ന് 110,577 കോടി രൂപയായി.
ഏഴ് ബ്രോക്കറേജ് ഹൗസുകളുടെ നല്കുന്ന ശരാശരി കണക്കുകള്‍ പ്രകാരം, അറ്റാദായം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 54 ശതമാനം വര്‍ധിച്ച് 4,547 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. വിശകലന വിദഗ്ധരുടെ പ്രതീക്ഷകളെ കവച്ചുവെക്കുന്ന നേട്ടമാണ് കമ്പനി ഉണ്ടാക്കിയിരിക്കുന്നത്.
അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതും വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതും മികച്ച ഉല്‍പ്പന്ന വൈവിധ്യവും നേട്ടമായി
ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 2022 ഡിസംബര്‍ പാദത്തിലെ 58,863 കോടി രൂപയില്‍ നിന്ന് കഴിഞ്ഞ പാദത്തില്‍ 76,665 കോടി രൂപയായി ഉയര്‍ന്നു.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിപണിയില്‍ ടാറ്റ മോട്ടോഴ്സിന്റെ മൊത്തം വാഹന വില്‍പ്പന 2,34,981 വാഹനങ്ങളാണ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 228,169 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചിരുന്നത്. 138,455 യൂണിറ്റ് പാസഞ്ചര്‍ വെഹിക്കിളുകളും 96,526 യൂണിറ്റ് വാണിജ്യ വാഹനങ്ങളും കമ്പനി വിറ്റു.
മൂന്നാം പാദത്തില്‍ കടം 9500 കോടി രൂപ കുറയ്ക്കാനായെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു.