തേന്‍കൃഷിയുടെ സാമ്പത്തിക വശങ്ങള് മനസിലാക്കിയ പാലക്കാട് ജില്ലയിലെ കര്‍ഷകഗ്രാമമായ തച്ചമ്പാറയിലെ പരമ്പരാഗത കര്‍ഷകര്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് തേന്കൃഷിയിലാണ്.ഔഷധച്ചേരുവയായി തച്ചമ്പാറയിലെ തേന്‍ ചേര്‍ക്കുന്നത് മികച്ച ഗുണനിലവാരം നല്കുന്നു എന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുക കൂടി ചെയ്തതോടെ തച്ചമ്പാറ തേനിന് ആവശ്യക്കാര്‍ വര്‍ധിച്ചു. തച്ചമ്പാറയില്‍ ഇത്തരത്തിലൊരു കാര്‍ഷിക മുന്നേറ്റം ഉണ്ടായത് 8 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.
.
പശുപരിപാലനം, കോഴിവളര്‍ത്തല്‍, പച്ചക്കറിക്കൃഷി തുടങ്ങി വിവിധ കാര്‍ഷികവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന വ്യക്തികളാണ് ഇപ്പോള്‍ തേനീച്ച വളര്‍ത്തലിലൂടെ പതിനായിരങ്ങള്‍ സമ്പാദിക്കുന്നത്. രണ്ടു പശുവിനെ വളര്‍ത്തുന്നതിനെക്കാള്‍ ലാഭം അമ്പതു പെട്ടി വന്‍തേനീച്ച വളര്‍ത്തിയാല്‍ ലഭിക്കുമെന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പറയുന്നത്. തേനീച്ച വളര്‍ത്തല്‍ തുടങ്ങുന്നതിനുള്ള പ്രാരംഭ ചെലവ് കുറവാണ് എന്നതും തേനീച്ച വളര്‍ത്തലിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. ഒരു തേനീച്ചപ്പെട്ടി വയ്ക്കുന്നതിന് 1500 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് തേനീച്ചക്കൃഷിക്ക് വേണ്ട അടിസ്ഥാന മൂലധന നിക്ഷേപം. ഒരു തേനീച്ചപ്പെട്ടിയില്‍ നിന്നും 10 മുതല്‍ 15 കിലോ വരെ തേന്‍ ലഭിക്കും. ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ഇത്തരത്തില്‍ എട്ടുതവണ തേന്‍ ശേഖരിക്കാന്‍ കഴിയും.
തച്ചമ്പാറയിലെ കര്‍ഷകര്‍ മൊത്തമായും ചില്ലറയായും തേന്‍ വില്‍ക്കുന്നുണ്ട്. വന്‍തേനിന് കിലോക്ക് 325 രൂപ മുതല്‍ 350 രൂപവരെയാണ് ഈടാക്കുന്നത്. ചെറുതേനിന് കിലോക്ക് 2500 രൂപയാണ് വില. ചെറുതേന്‍ പ്രധാനമായും മരുന്നിന്റെ ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. ലഭ്യത കുറവാണ് എന്നതും വില കൂടുതലാണെന്നതും ചെറുതേന്‍ വിപണിയില്‍ വ്യാജന്മാര് ഉണ്ടാകുന്നതിന് കാരണമാകുന്നു.