റിലയന്‍സ് എന്നെന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരുമെന്ന് ചെയര്മാന് മുകേഷ് അംബാനി. അഹമ്മദാബാദില്‍ ആരംഭിച്ച വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുകേഷ്.
”എന്റെ അച്ഛന് ധീരുഭായ് അംബാനി എന്റെ കുട്ടിക്കാലത്ത് എന്നോട് പറഞ്ഞത് ഞാന്‍ ഒരിക്കലും മറക്കില്ല – ഗുജറാത്ത് നിന്റെ മാതൃഭൂമിയാണ്, ഗുജറാത്ത് എന്നും നിന്റെ കര്മ്മഭൂമിയായിരിക്കണം. ഇന്ന്, ഒരിക്കല്‍ കൂടി ഞാന്‍ പ്രഖ്യാപിക്കട്ടെ: റിലയന്‍സ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരും. എന്റെ ഏഴ് കോടി ഗുജറാത്തി സഹോദരങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് ഓരോ റിലയന്‍സ് ബിസിനസും ശ്രമിക്കുന്നത്,’ അംബാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി റിലയന്‍സും റിലയന്‍സ് ഫൗണ്ടേഷനും മറ്റുള്ളവരുമായി ചേര്‍ന്ന് വിദ്യാഭ്യാസം, കായികം, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുമെന്ന് അംബാനി പറഞ്ഞു.
2036 ഒളിംപിക്സ് ആതിഥേയത്വത്തിന് ഇന്ത്യ അവകാശവാദം ഉന്നയിക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനായി റിലയന്‍സും റിലയന്‍സ് ഫൗണ്ടേഷനും മറ്റുള്ളവരുമായി ചേര്‍ന്ന് വിദ്യാഭ്യാസം, കായികം, നൈപുണ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും
റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടുത്ത 10 വര്‍ഷത്തേക്ക് ഗുജറാത്തില്‍ കാര്യമായ നിക്ഷേപം നടത്തുന്നത് തുടരുമെന്നും 2030 ഓടെ സംസ്ഥാനത്തിന്റെ ഹരിത ഊര്‍ജ ആവശ്യകതയുടെ പാതി കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധീരുഭായ് അംബാനി ഗിഗാ കോംപ്ലക്സിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
ലോകത്ത് ഏറ്റവും വേഗം 5ജി ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പാക്കിയത് റിലയന്‍സ് ജിയോയാണ്. ഇന്ന് ഗുജറാത്തില്‍ പൂര്‍ണ്ണമായി 5ജി ലഭ്യമാണ്. 5ജി കൊണ്ടുവരുന്ന എഐ വിപ്ലവം ഗുജറാത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും കൂടുതല്‍ കാര്യക്ഷമവും ആഗോളതലത്തില്‍ മത്സരപരവുമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.