‘കൂടുതല്‍ സമ്പാദിക്കുക, കുറച്ച് ചെലവഴിക്കുക’ എന്ന പഴയ മന്ത്രം ഇന്ത്യക്കാര്‍ കൈവിടുകയാണോ? മാറ്റത്തിന്റെ സൂചനയാണ് ഇന്ത്യക്കാരുടെ ബാങ്ക് എക്കൗണ്ടുകള്‍ നല്‍കുന്നത്. പരമ്പരാഗത നിക്ഷേപ മാര്‍ഗമായ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു വരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു.
2023 സെപ്റ്റംബറില്‍ പുറത്തിറക്കിയ ആര്‍ബിഐ ബുള്ളറ്റിനില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നത്, ബാങ്ക് സമ്പാദ്യം, പണം, നിക്ഷേപം എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയുടെ അറ്റ കുടുംബ സാമ്പത്തിക സമ്പാദ്യം 2023 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 5.1 ശതമാനമായി കുറഞ്ഞു എന്നാണ്. 20-21 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനമായിരുന്നു ഇത്.
കോവിഡ് മഹാമാരിക്ക് ശേഷം വീടും വാഹനങ്ങളും പോലുള്ള ഭൗതിക ആസ്തികള്‍ സൃഷ്ടിക്കുന്നതിന് കുടുംബങ്ങള്‍ കൂടുതല്‍ ചെലവഴിക്കാന്‍ തുടങ്ങിയെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നു
വീടും വാഹനങ്ങളും
കോവിഡ് മഹാമാരിക്ക് ശേഷം കുറഞ്ഞ പലിശ നിരക്ക് മുതലെടുത്ത് വീടും വാഹനങ്ങളും പോലുള്ള ഭൗതിക ആസ്തികള്‍ സൃഷ്ടിക്കുന്നതിന് കുടുംബങ്ങള്‍ കൂടുതല്‍ ചെലവഴിക്കാന്‍ തുടങ്ങിയെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി കുടുംബങ്ങള്‍ക്കുള്ള റീട്ടെയില്‍ ക്രെഡിറ്റിന്റെ 50 ശതമാനവും ഭവനം, വിദ്യാഭ്യാസം, വാഹനം വാങ്ങല്‍ എന്നിവയിലാണെന്ന് എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ കുടുംബങ്ങള്‍ക്കിടയിലെ സാമ്പത്തിക സമ്പാദ്യം ഗണ്യമായി കുറയുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ഭൗതിക ആസ്തികള്‍ സൃഷ്ടിക്കുന്നതിന് ഈ പണം വിനിയോഗിക്കപ്പെടുന്നുമുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവാണ് ഇതിന് ആക്കം കൂട്ടിയിരിക്കുന്നത്.