കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ മൂന്ന് മുതിര്‍ന്ന എക്സിക്യൂട്ടീവുകളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വിവോ ഇന്ത്യയുടെ ഇടക്കാല സിഇഒ ഹോങ് സുക്വാന്‍ എന്ന ടെറി, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ഹരീന്ദര്‍ ദാഹിയ, കണ്‍സള്‍ട്ടന്റ് ഹേമന്ത് മുഞ്ജാല്‍ എന്നിവരാണ് അറസ്റ്റിലായത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേരെയും ഇഡി കസ്റ്റഡിയിലെടുത്തത്.
മൊബൈല്‍ ഫോണ്‍ കമ്പനിയായ ലാവ ഇന്റര്‍നാഷണലിന്റെ എംഡി ഹരി ഓം റായ്, ചൈനീസ് പൗരനായ ഗ്വാങ്വെന്‍ എന്ന ആന്‍ഡ്രൂ കുവാങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന് മാലിക് എന്നിവരെ കേസില്‍ ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഈ മാസം ആദ്യം, വിവോ ഇന്ത്യയ്ക്കും കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍ക്കുമെതിരെ ഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 2014 നും 2021 നും ഇടയില്‍ ഷെല്‍ കമ്പനികളുടെ സഹായത്തോടെ വിവോ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ തട്ടിയെടുത്തതായി ഏജന്‍സി ആരോപിക്കുന്നു.
ചൈനയിലെ മാതൃകമ്പനിയുടെ നിര്‍ദ്ദേശപ്രകാരം വ്യാജ രേഖകള്‍ ഉപയോഗിച്ച് വിവോ ഇന്ത്യ രാജ്യത്തുടനീളം ഷെല്‍ കമ്പനികളുടെ ശൃംഖല സ്ഥാപിച്ചതായി ഇഡി കണ്ടെത്തി. 2014-ല്‍ വിവോ ഇന്ത്യ ആരംഭിച്ചതിന് ശേഷം 19 കമ്പനികള്‍ പ്രാദേശികമായി സ്ഥാപിക്കപ്പെട്ടു. ഇവയെ ആത്യന്തികമായി നിയന്ത്രിക്കുന്നത് ചൈനയുടെ വിവോ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനിയാണെന്ന് ഏജന്‍സി അവകാശപ്പെട്ടു.
2014 നും 2021 നും ഇടയില്‍ ഷെല്‍ കമ്പനികളുടെ സഹായത്തോടെ വിവോ ഇന്ത്യയില്‍ നിന്ന് ഒരു ലക്ഷം കോടി രൂപ തട്ടിയെടുത്തതായി ഇഡി ആരോപിക്കുന്നു.
2014-15 നും 2017-18 നും ഇടയിലാണ് കമ്പനികളെല്ലാം സ്ഥാപിക്കപ്പെട്ടത്. നേരിട്ടുള്ള വിദേശ നിക്ഷേപ നിയമം ലംഘിച്ച്, വ്യാജ ഇന്ത്യന്‍ കമ്പനികളിലൂടെ ഇന്ത്യയില്‍ ചുവടുറപ്പിക്കാനാണ് ചൈനീസ് കമ്പനി ശ്രമിച്ചത്. ഇന്ത്യയില്‍ വിശ്വാസ്യത നേടിയെടുക്കാനും വിപണി പിടിച്ചടക്കാനും ശ്രമിച്ച് ഒടുവില്‍ ഇഡിയുടെ വലയില്‍ പെടുന്ന രണ്ടാമത്തെ കമ്പനിയാണ് വിവോ. നേരത്തെ വിദേശ വിനിമയം ചട്ടം ലംഘിച്ചതിന് ഷവോമിക്കെതിരെ ഇഡി നടപടി എടുത്തിരുന്നു. ഷവോമിയുടെ ബാങ്ക് എക്കൗണ്ടുകളിലുണ്ടായിരുന്ന 5551 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തിരുന്നത്.