ഇന്ത്യയിലെ ആദ്യത്തെ എയര്‍ബസ് എ 350 ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയ്ക്ക് ലഭിച്ചു. വിമാനം 2024 ജനുവരിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനി അറിയിച്ചു. ജീവനക്കാര്‍ വിമാനവുമായി പരിചയത്തിലെത്തുന്നതിന് തുടക്കത്തില്‍ ആഭ്യന്തര സര്വാസുകളിലാവും ഇത് ഉപയോഗിക്കുക. പിന്നീട്, ദീര്‍ഘദൂര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സേവനങ്ങള്‍ വാഗ്ദാനം ചെയ്യും. എ350 യുടെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ എയര്‍ ഇന്ത്യ പ്രഖ്യാപിക്കും.
ലോക വേദിയില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയുടെ പുനരുജ്ജീവനത്തിന്റെ പ്രഖ്യാപനമാണിതെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.
എയര്‍ബസ് എ 350 2024 ജനുവരിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു
കോളിന്‍സ് എയ്റോസ്പേസ് രൂപകല്‍പ്പന ചെയ്ത 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിന് കോണ്‍ഫിഗറേഷനിലാണ് എയര്‍ബസ് എ350-900 വരുന്നത്. ഇതിന് 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകളും 24 പ്രീമിയം ഇക്കോണമി സീറ്റുകളും 264 ഇക്കണോമി ക്ലാസ് സീറ്റുകളും ഉണ്ട്. വിമാനത്തിലെ എല്ലാ സീറ്റുകളിലും ഏറ്റവും പുതിയ തലമുറ പാനസോണിക് എക്സ്3 ഇന്‍-ഫ്ളൈറ്റ് എന്റര്ടെയ്ന്മെന്റ് സിസ്റ്റവും എച്ച്ഡി സ്ക്രീനുകളും ഉണ്ടെന്ന് കമ്പനി അറിയിച്ചു.
എയര്‍ ഇന്ത്യ, 20 എയര്‍ബസ് എ350-900 നാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്. ഈ ഓര്‍ഡറില്‍ ആദ്യത്തെ വിമാനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 2024 മാര്‍ച്ചില്‍ അഞ്ച് വിമാനങ്ങള്‍ കൂടി ലഭിക്കും.