ഇന്ത്യന്‍ ബില്യണറായ ഗൗതം അദാനി ലോകത്തെ അതിസമ്പന്നരായ 20 ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മടങ്ങിയെത്തി. ഓഹരി വിപണിയിലെ ഗംഭീര മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള കമ്പനികളുടെ മാര്‍ക്കറ്റ് കാപ്പ് 1.33 ലക്ഷം കോടിയായി ഉയര്‍ന്നതോടെയാണ് തലയുയര്‍ത്തി പിടിച്ചുള്ള മടക്കം.
ബ്ലൂംബര്‍ഗ് ബില്യണേഴ്സ് ഇന്‍ഡെക്സ് ലിസ്റ്റില്‍ 19ാം സ്ഥാനത്താണ് ഇപ്പോള്‍ അദാനി. 66.7 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏതാനും ദിവസങ്ങള്‍ കൊണ്ട് ആസ്തി 6.5 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു.
ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന അദാനി, ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആസ്തിയില്‍ വന്‍ ഇടിവുണ്ടായി പട്ടികയില്‍ നിന്ന് പുറത്തായത്.
അദാനി ഗ്രൂപ്പിനെതിരായ സെബി അന്വേഷണത്തെക്കുറിച്ച് സുപ്രീംകോടതി തൃപ്തി പ്രകടിപ്പിച്ചതോടെയാണ് കമ്പനികളുടെ ഓഹരികള്‍ ക്ഷീണം വിട്ട് കുതിച്ചത്. അദാനിയുടെ ഓഹരികളുടെ സംയോജിത വിപണി മൂലധനം, ബുധനാഴ്ച, 33,000 കോടി രൂപ ഉയര്‍ന്ന് 11.6 ലക്ഷം കോടി രൂപയിലെത്തി.
റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി 89.5 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 13 ാം സ്ഥാനത്തുണ്ട്.