2005 ല്‍ ലോഞ്ച് ചെയ്യപ്പെട്ട യൂട്യൂബ് വളരെ വേഗമാണ് വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച് ആളുകള്‍ ഇഷ്ടപ്പെടുന്ന പ്ലാറ്റ്ഫോമായി മാറിയത്. സിനിമ കാണാനും, ടിവി പ്രോഗ്രാമുകള്‍ കാണാനും ചര്‍ച്ചകള്‍ കാണാനുമൊക്കെ ആളുകള്‍ ഇന്ന് ആശ്രയിക്കുന്നത് യൂ ട്യൂബിനെയാണ്. സത്യം പറഞ്ഞാല്‍ യൂട്യൂബ് വന്നതോടു കൂടി ടിവിയുടെ അഭാവം ആളുകളെ അത്ര ബാധിക്കുന്നില്ല എന്ന അവസ്ഥയും വന്നു. ലോകത്ത് ഏറ്റവും അധികം ആളുകള്‍ കാണുന്ന യൂ ട്യൂബ് ചാനലുകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ?
253 മില്യണ്‍ സബ്സ്ക്രൈബര്‍മാരുള്ള ടി സീരിസാണ് ഈ ലിസ്റ്റില്‍ ഒന്നാമത്തേത്. 2006 മാര്‍ച്ച് 13 നാണ് ടി സീരിസ് യൂട്യൂബില്‍ ജോയിന്‍ ചെയ്തത്. ബോളിവുഡ് സിനിമാഗാനങ്ങളിലൂടെയും ഇന്ത്യന്‍ പോപ് മ്യൂസിക്കിലൂടെയും ടി സീരിസ് ആളുകളെ രസിപ്പിക്കുന്നു. 19,000 വീഡിയോകളാണ് ഇതുവരെ ടി സീരിസ് പുറത്തിറക്കിയിട്ടുള്ളത്.
അടുത്തതായി ഈ നിരയിലുള്ളത് മിസ്റ്റര്‍ ബീസ്റ്റാണ്. 2012 ഫെബ്രുവരി 20 നാണ് ചാനല്‍ തുടങ്ങിയത്. ജിമ്മി ഡൊണാള്ഡ്സണ് എന്ന പേരിലും അറിയപ്പെടുന്ന മിസ്റ്റര്‍ ബീസ്റ്റിന്റെ ചാനലിന് 210 മില്യണ്‍ സബ്സ്ക്രൈബര്‍മാരാണ് ഉള്ളത്. ഒരുപാട് ആരാധകരുണ്ട് ഇദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക്. ഇതുവരെ 767 വീഡിയോകള്‍ പുറത്തു വന്നിട്ടുണ്ട്.
കുട്ടികളുടെ യൂ ട്യൂബ് ചാനലായ കോകോമെലണ്‍ ആണ് ഈ നിരയില്‍ അടുത്തത്. 167 മില്യണ്‍ സബ്സ്ക്രൈബര്‍മാരുള്ള കോകോമെലണ്‍ 2006 സെപ്റ്റംബര്‍ 2 നാണ് തുടങ്ങിയത്. നഴ്സറി റൈമുകള്‍ ഉള്‍പ്പെടെ കൗതുകമുണര്‍ത്തുന്ന നിരവധി വീഡിയോകളുണ്ട് കോകോമെലണില്. ഇതുവരെ 1000 വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.
165 മില്യണ്‍ സബ്സ്ക്രൈബര്‍മാരുള്ള എസ്ഇടി ഇന്ത്യ ആണ് അടുത്തത്. പ്രമുഖ ഹിന്ദി എന്റര്ടെയ്ന്മെന്റ് ചാനലായ എസ്ഇടി ഇന്ത്യ 2006 സെപ്റ്റംബര്‍ 21 നാണ് തുടങ്ങിയത്. ഇതുവരെ 1,21,000 വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.
2015 മേയ് 12 ന് തുടങ്ങിയ കിഡ്സ് ഡയാന ഷോയാണ് ഈ നിരയില്‍ അഞ്ചാമത്തേത്. കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള സീരിസാണ് ഇതിലുള്ളത്. 115 മില്യണ്‍ സബ്സ്ക്രൈബര്‍മാരുള്ള ചാനല്‍ ഇതുവരെ 1,100 വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്.
2010 ഏപ്രില്‍ 29 ന് തുടങ്ങിയ പ്യൂഡീപൈ ആണ് ഈ നിരയിലുള്ള ആറാമത്തെ യൂട്യൂബ് ചാനല്‍. 111 മില്യണ്‍ സബ്സ്ക്രൈബര്മാരുളള ചാനലില്‍ ഗെയിമിംഗ്, യാത്രാ വീഡിയോകള്‍ തുടങ്ങി നിരവധി വ്യത്യസ്തമാര്‍ന്ന വിഷയങ്ങളാണ് ഉള്ളത്. ഫെലിക്സ് അര്‍വിഡ് ഉല്‍ഫ് ഷേല്ബെര്ഗ് എന്നാണ് പ്യൂഡീപൈ ചാനല്‍ ഉടമയുടെ യഥാര്‍ത്ഥ പേര്.
ലൈക് നാസ്ത്യയാണ് ഈ നിരയിലെ ഏഴാമത്തെ യൂ ട്യൂബ് ചാനല്‍. 2016 ഡിസംബര്‍ 6 ന് തുടങ്ങിയ ചാനല്‍ കുട്ടികള്‍ക്കുള്ള എന്റര്ടെയ്ന്മെന്റ് ചാനലാണ്. 110 മില്യണ്‍ സബ്സ്ക്രൈബര്മാരുളള ചാനല്‍ ഇതുവരെ 847 വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള എജുക്കേഷണല്‍ ആപ്പും ആളുകളെ ആകര്‍ഷിക്കുന്നതാണ്.
വ്ളാഡ് ആന്റ് നിക്കിയാണ് ഏറ്റവുമധികം ആളുകള്‍ കാണുന്ന എട്ടാമത്തെ യൂട്യൂബ് ചാനല്‍. 2018 ഏപ്രില്‍ 23 ന് തുടങ്ങിയ ചാനല്‍ കുട്ടികള്‍ ഏറ്റവുമധികം കാണുന്ന യൂ ട്യൂബ് ചാനലുകളില്‍ ഒന്നാണ്. അമേരിക്കന്‍ സഹോദരങ്ങളായ വ്ളാഡിസ്ലാവും നികിത വാഷ്കെടോവും വീഡിയോകളിലെ നിറസാന്നിധ്യമാണ്. 104 മില്യണ്‍ സബ്സ്ക്രൈബര്‍മാരുള്ള ചാനല്‍ ഇതുവരെ 610 വീഡിയോകള്‍ പുറത്തിറക്കിയിട്ടുണ്ട്. പല ഭാഷകളെയും സംസ്കാരത്തെപ്പറ്റിയുമുള്ള വീഡിയോകള്‍, പാചക വീഡിയോകള്‍ ഉള്‍പ്പെടെ എന്റര്ടെയ്ന്മെന്റും ഇന്‍ഫര്‍മേറ്റിവ് കണ്ടെന്റും ചാനല്‍ നല്കുന്നു.
സീ മ്യൂസിക് കമ്പനിയാണ് ഈ നിരയില്‍ ഒമ്പതാം സ്ഥാനത്തുള്ളത്. ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് മ്യൂസികിന്റെ വന്‍ ശേഖരമാണ് ചാനലിന്റെ ഹൈലൈറ്റ്. പരമ്പരാഗത ശാസ്ത്രീയ സംഗീതം മുതല്‍ മോഡേണ്‍ പോപ് ഗാനങ്ങള്‍ വരെ ആളുകളുടെ അഭിരുചിക്കനുസരിച്ച് ചാനല്‍ നല്കുന്നു. 2,22,000 മണിക്കൂറിന്റെ ടെലിവിഷന്‍ കണ്ടെന്റാണ് ചാനലിലുള്ളത്. 2014 മാര്‍ച്ച് 12 ന് തുടങ്ങിയ ചാനലിന് 102 മില്യണ്‍ സബ്സ്ക്രൈബര്‍മാരുണ്ട്.
വേള്‍ഡ് റെസ്ലിംഗ് എന്റര്ടെയ്ന്മെന്റ് അഥവാ ഡബ്ല്യൂഡബ്ല്യൂഇ ചാനലാണ് ഏറ്റവുമധികം ആളുകള്‍ കാണുന്ന പത്താമത്തെ യൂട്യൂബ് ചാനല്‍. എന്റര്ടെയ്ന്മെന്റ് വന്‍തോതില്‍ നല്കുന്ന ചാനലിന് ഏറെ ആരാധകരുമുണ്ട്. ഡബ്ല്യൂഡബ്ല്യൂഇ സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കുന്ന എന്റര്ടെയ്ന്മെന്റ് വീഡിയോകളും റോ ആന്റ് സ്മാക്ക്ഡൗണ്‍ പോലുള്ള ലൈവ് ഷോകളും ചാനലിന്റെ ഹൈലൈറ്റുകളാണ്. കുട്ടികളും മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന ഈ ചാനല്‍ 2007 മെയ് 11 നാണ് തുടങ്ങിയത്. 97.9 മില്യണ്‍ സബ്സ്ക്രൈബര്‍മാരാണ് ഉള്ളത്.