ഇന്ത്യയുടെ ഇടക്കാല വളര്‍ച്ചാ പ്രതീക്ഷ ഉയര്‍ത്തി ഫിച്ച് റേറ്റിംഗ്സ്. 70 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 6.2 ശതമാനമായാണ് ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് സ്ഥാപനം ഉയര്‍ത്തിയിരിക്കുന്നത്. 2020 ല്‍ ഗണ്യമായി വളര്‍ന്ന തൊഴിലില്ലായ്മ നിരക്ക് അതിവേഗം പരിഹരിച്ചതും തൊഴിലാളി പങ്കാളിത്ത നിരക്ക് അതിവേഗം വീണ്ടെടുക്കുന്നതുമാണ് ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ പ്രവചനത്തിന് കാരണമെന്ന് ഫിച്ച് പറയുന്നു.
അതേസമയം ചൈനയുടെ ഇടക്കാല വളര്‍ച്ചാ പ്രതീക്ഷ ഫിച്ച് 5.3 ശതമാനത്തില്‍ നിന്ന് 4.6 ശതമാനമായി കുറച്ചു. തൊഴില്‍ നിരക്കിനെക്കുറിച്ചുള്ള ദുര്‍ബലമായ വീക്ഷണവും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ മൂലധനം വര്‍ദ്ധിക്കുന്നതിനുള്ള പ്രതീക്ഷകള്‍ കുറയുന്നതുമാണ് ചൈനയുടെ പിന്നോട്ടടിക്ക് കാരണം.
റഷ്യ, കൊറിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ വളര്‍ച്ചാ പ്രവചനങ്ങളിലും ഫിച്ച് കുറവ് വരുത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറമെ മെക്്സിക്കോയ്ക്കാണ് മെച്ചപ്പെട്ട വളര്‍ച്ചാ റേറ്റിംഗ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയും ചൈനയും അടങ്ങുന്ന ഉയര്‍ന്നു വരുന്ന വിപണികളുടെ (എമേര്‍ജിംഗ് മാര്‍ക്കറ്റ്, ഇഎം10) വളര്‍ച്ചാ പ്രതീക്ഷ 4.3 ശതമാനത്തില്‍ നിന്ന് 4 ശതമാനത്തിലേക്കാണ് ഫിച്ച് താഴ്ത്തിയിരിക്കുന്നത്. മുന്നേറ്റമുണ്ടെങ്കിലും കോവിഡിന് മുന്‍പുള്ള വളര്‍ച്ചാ പ്രവചനങ്ങള്‍ക്ക് താഴെയാണ് ഇഎം10 വളര്‍ച്ചാ പ്രതീക്ഷയെന്ന് ഫിച്ച് ചൂണ്ടിക്കാട്ടുന്നു.