ദീപാവലിക്കാലം ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവ സീസണാണ്. പുതിയ ബിസിനസുകളും നിക്ഷേപങ്ങളും പദ്ധതികളുമെല്ലാം ആരംഭിക്കുന്ന കാലം. ഇന്ത്യയിലെ ഭൂരിപക്ഷം കമ്പനികളിലും ജീവനക്കാര്‍ക്ക് ബോണസും മറ്റ് ഉല്‍സവ സമ്മാനങ്ങളും ലഭിക്കുന്നതും ഇതേകാലത്താണ്.
ഇത്തവണ ഗംഭീര ദീപാവലി സമ്മാനം നല്കി വൈറലായിരിക്കുന്നത് ഹരിയാനക്കാരനായ ഒരു ബിസിനസുകാരനാണ്. തന്റെ 12 ജീവനക്കാര്‍ക്ക് പുതിയ ടാറ്റ പഞ്ച് എസ്യുവികള് വാങ്ങിനല്‍കിയാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. എംഐടിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനായ എംകെ ഭാട്ടിയയാണ് ഗംഭീര സമ്മാനം നല്കി ജീവനക്കാരെ ഞെട്ടിച്ചത്. എസ്യുവി കിട്ടിയ ജീവനക്കാരില്‍ ചിലര്‍ക്ക് ഡ്രൈവ് ചെയ്യാന്‍ പോലും അറിയില്ല. കമ്പനിയിലെ നിരവധി ജീവനക്കാര്‍ക്ക് വരും ദിവസങ്ങളില്‍ ബമ്പര്‍ ദീപാവലി സമ്മാനം ലഭിക്കും.
ആയുര്‍വേദം അടിസ്ഥാനമാക്കിയ വെല്‍നസ് പ്രൊഡക്റ്റുകളാണ് ഭാട്ടിയയുടെ കമ്പനി പുറത്തിറക്കുന്നത്. മിറ്റ്സ്കാര്‍ട്ട് എന്ന ഇ-കൊമേഴ്സ് സൈറ്റിലൂടെയാണ് വില്‍പ്പന. മിറ്റ്സ്കാര്‍ട്ടിന്റെ വളര്‍ച്ചയില്‍ ഏറെ പങ്ക് വഹിച്ച ജീവനക്കാര്‍ക്ക് അര്‍ഹമായ സമ്മാനമാണ് നല്‍കിയതെന്ന് ഭാട്ടിയ പറയുന്നു.