രാജ്യത്തെ ബിസിനസ് മേഖലയിലെ ജെന്റില്മാന് എന്ന് നിസംശയം വിളിക്കാവുന്ന വ്യക്തിത്വമാണ് രത്തന്‍ ടാറ്റ. പെരുമാറ്റത്തിലും ഇടപെടലിലുമെല്ലാം തികഞ്ഞ സാത്വികന്. എന്നാല്‍ തന്റെ സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെ ഭീഷണി ഉയര്‍ന്നാല്‍ ഏതറ്റം വരെ പോകാനും രത്തന്‍ തയാറുമാണ്. ഇക്കാര്യം വെളിവാക്കുന്ന പഴയ ഒരു സംഭവം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ടാറ്റ മോട്ടേഴ്സിനെ വേട്ടയാടിയ ഗുണ്ടാ സംഘത്തെ നേരിട്ട ദിനങ്ങള്‍ രത്തന്‍ ടാറ്റ ഓര്‍ത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിലെ തന്റെ ആദ്യദിനങ്ങളിലാണ് സംഭവം നടന്നതെന്ന് രത്തന്‍ പറയുന്നു.
രത്തന്‍ ചെയര്‍മാനായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ കമ്പനിക്കുള്ളിലെ തൊഴിലാളി യൂണിയനില്‍ വലിയ രീതിയിലുള്ള പൊട്ടിത്തെറി നടന്നു. ആ സമയത്ത് പുറത്ത് നിന്ന് ഒരു ഗുണ്ടാ തലവന്‍ ജീവനക്കാരുടെ യൂണിയന് പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
യൂണിയനില്‍ കുറെയേറെ സ്വത്തുണ്ടെന്ന കരുതി അത് തട്ടിയെടുക്കാനായിരുന്നു ഇയാളുടെ ശ്രമം. 200 ഓളം ആളുകളാണ് അയാളുടെ സംഘത്തിലുണ്ടായിരുന്നത്. അവരാവട്ടെ അത്യധികം അക്രമ സ്വഭാവം പ്രകടിപ്പിച്ചിരുന്നവരും. പ്ലാന്റിലുള്ള ശേഷിക്കുന്ന 4,000 ത്തോളം ജീവനക്കാര്‍ക്കാണെങ്കില്‍ ഇതിനോടൊന്നും താത്പര്യമില്ലാത്ത മനോഭാവവുമായിരുന്നു.
വലിയ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും ഗുണ്ടാ സംഘത്തിലുളളവരുമായി ധാരണയിലെത്താനുള്ള നിര്‍ദ്ദേശങ്ങളുയര്‍ന്നെങ്കിലും രത്തന്‍ ടാറ്റ പതറിയില്ല. പകരം അവരെ നേരിടാനുള്ള ഉറച്ച തീരുമാനവുമായി മുന്നോട്ട് പോയി. ഗുണ്ടാ സംഘത്തലവന് സമരവുമായി ഇതിനെ എതിരിടാന്‍ ശ്രമിച്ചു. യൂണിയനിലെ മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്ലാന്റിലെ ജോലികള്‍ നിര്‍ത്തി വെപ്പിക്കുകയും ചെയ്തു. ഇതോടെ രത്തന്‍ ടാറ്റ താമസം പ്ലാന്റിലേക്ക് മാറ്റി.
രാവും പകലും അവിടെ ചെലവഴിച്ച് ജീവനക്കാര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാനുള്ള ധൈര്യവും പ്രോത്സാഹനവും നല്കി. വ്യക്തിപരമായി ഓരോ ജീവനക്കാരനോടും സംസാരിച്ചു
400 ഓളം ജീവനക്കാരെ കൈയേറ്റം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു പിന്നീട് ഗുണ്ടാ തലവന്‍. പൊലീസും അയാള്‍ക്ക് വിധേയരായിരുന്നു. ശക്തമായി ചെറുത്ത് നില്‍ക്കാനുള്ള രത്തന്‍ ടാറ്റയുടെ ദൃഢനിശ്ചയം ഒടുവില്‍ വിജയം കണ്ടു. ഗുണ്ടാ തലവന്‍ അറസ്റ്റിലായി.
ഈ സംഭവം ടാറ്റ മോട്ടേഴ്സില്‍ ഒരു വഴിത്തിരിവായി. ഒരു യഥാര്‍ത്ഥ നായകനായി രത്തന്‍ ടാറ്റ ഉയര്‍ന്നു. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോടുള്ള പ്രതിബദ്ധതയുടെയും ജീവനക്കാരോടുള്ള ആത്മാര്‍ത്ഥതയുടെയും നേര്‍ക്കാഴ്ചയായിരുന്നു ഈ സംഭവം.