ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ലാഭം നേടി ഫെഡറല്‍ ബാങ്ക്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 902.61 കോടി രൂപയാണ് ബാങ്ക് അറ്റാദായം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 540.54 കോടി രൂപയായിരുന്നു അറ്റാദായം.
ബാങ്കിംഗ് രംഗത്ത് മുന്‍നിരയില്‍ നില്ക്കുന്ന പ്രവര്‍ത്തന ഫലമാണ് 903 കോടി രൂപയെന്ന അറ്റാദായവും ചരിത്രത്തിലെ ഏറ്റവും മികച്ച റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി ആയ 17.48 ശതമാനവും എന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു. സാമ്പത്തിക വര്‍ഷം മുഴുവന്‍ സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചതിന്റെ ഫലമാണ് വാര്‍ഷിക അറ്റാദായമായ 3010.59 കോടി രൂപയും എല്ലാ മേഖലയിലും ഉറപ്പുവരുത്താന്‍ സാധിച്ച മികച്ച ആസ്തി നിലവാരവും. ടീമിന്റെ ആത്മാര്‍ഥമായ പരിശ്രമവും ഇടപാടുകാരുടെ വിശ്വാസവുമാണ് മികച്ച പ്രകടനത്തിന് ബാങ്കിനെ പ്രാപ്തമാക്കിയത്. ഓരോ പാദത്തിലും ബാങ്കിന്റെ ഉല്പന്നങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍ കൂടി വരുന്നുണ്ട് എന്നും ശ്യാം ശ്രീനിവാസന് കൂട്ടിച്ചേര്‍ത്തു.
ബാങ്കിന്റെ പ്രവര്‍ത്തനലാഭവും എക്കാലത്തേയും ഉയര്‍ന്ന നേട്ടം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 67.20 ശതമാനം വര്‍ധിച്ച് 1334.58 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 798.20 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം.