ലാഭമില്ലാതെ കഷ്ടപ്പെടുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്ത് ലാഭം നേടി ശ്രദ്ധേയമാവുകായണ് ഫല്‍ഗുനി നയാരുടെ ഫാഷന്‍ ബ്രാന്‍ഡായ നൈക്ക. നൈക്ക ബ്രാന്‍ഡില്‍ ബ്യൂട്ടി, ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന ഫല്‍ഗുനി നയാരുടെ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് ജൂണ്‍ പാദത്തില്‍ 5.4 കോടി രൂപയുടെ അറ്റാദായമാണ് നേടിയിരിക്കുന്നത്. 8 ശതമാനം വര്‍ധനയാണ് ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തില്‍ നൈക്ക 5 കോടിയുടെ ലാഭം കൈവരിച്ചിരുന്നു.
മുകേഷ് അമ്പാനിയുടെ റിലയന്‍സ് അജിയോ, രത്തന്‍ ടാറ്റയുടെ ടാറ്റ ക്ലിക്ക് തുടങ്ങിയ വമ്പന്‍ കമ്പനികളുമായി മല്‍സരിച്ചാണ് നൈക്ക ലാഭം നേടിയത് എന്നത് ശ്രദ്ധേയമാണ്.
നൈക്കക്ക് അറ്റാദായത്തില്‍ ഉയര്‍ച്ചയുണ്ടായെങ്കിലും ഓഹരി ഉടമകളുടെ ലാഭം 3.3 കോടി രൂപയായി താഴ്ന്നു. അതായത്, 26 ശതമാനത്തിന്റെ താഴ്ച്ച. 2022 ഏപ്രില്‍ ജൂണ്‍ കാലയളവില്‍ ഇത് 4.5 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൈക്കയുടെ മൊത്തത്തിലുള്ള വരുമാനം 24 ശതമാനമാണ് ഉയര്‍ന്നത്. അതായത്, 1,148.4 കോടി രൂപയില്‍ നിന്നും 1,421.8 കോടി രൂപയായി ഉയര്‍ന്നു.
2012ലാണ് ജോലി രാജിവെച്ച് ഫാല്‍ഗുനി നയാര്‍ നൈക്കയ്ക്ക് തുടക്കമിടുന്നത്. 2021ല്‍ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തു. രാജ്യത്തെ സ്വയം വളര്‍ന്നുവന്ന വനിത ശതകോടീശ്വരികളുടെ പട്ടികയില്‍ മുന്‍നിരയിലുണ്ട് ഇപ്പോള്‍ ഫല്‍ഗുനി. 2.5 ബില്യണ്‍ ഡോളറാണ് ഇവരുടെ ആസ്തി.