ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പ്രസ്താവനയില്‍ ഇന്ത്യന്‍ വ്യവസായ ലോകത്ത് ചര്‍ച്ച കൊഴുക്കുകയാണ്. മൂര്‍ത്തിയെ പിന്തുണച്ച് വ്യവസായി സജ്ജന്‍ ജിന്‍ഡാല്‍ രംഗത്തെത്തി. മൂര്‍ത്തിയുടെ പ്രസ്താവനയെ താന്‍ പൂര്‍ണ്ണഹൃദയത്തോടെ അംഗീകരിക്കുന്നതായി ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇന്ത്യയെപ്പോലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനമെന്ന സംസ്കാരം ആവശ്യമില്ലെന്ന് ജിന്‍ഡാന്‍ പറഞ്ഞു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസവും 14-16 മണിക്കൂറാണ് ജോലി ചെയ്യുന്നത്. എന്റെ അച്ഛന് ആഴ്ചയില്‍ 7 ദിവസവും 12-14 മണിക്കൂര്‍ ജോലി ചെയ്യുമായിരുന്നു. ഞാന്‍ ദിവസവും 10-12 മണിക്കൂര്‍ ജോലി ചെയ്യുന്നു,” ജിന്‍ഡാല്‍ സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു. നമ്മുടെ ജോലിയിലും രാഷ്ട്ര നിര്‍മ്മാണത്തിലും നാം അഭിനിവേശം കണ്ടെത്തണമെന്നും അദ്ദേഹം എഴുതി. ഇന്ത്യയുടെ സാഹചര്യങ്ങളും വെല്ലുവിളികളും വികസിത രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും ജിന്‍ഡാല്‍ ചൂണ്ടിക്കാട്ടി.
‘അവര്‍ (വികസിത രാജ്യങ്ങള്‍) ആഴ്ചയില്‍ 4 അല്ലെങ്കില്‍ 5 ദിവസം ജോലി ചെയ്യുന്നു, കാരണം അവരുടെ മുന്‍ തലമുറകള്‍ കൂടുതല്‍ സമയവും കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരുമായിരുന്നു,’ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി യുവത്വമാണെന്നും സൂപ്പര്‍ പവറാകാനുള്ള രാജ്യത്തിന്റെ യാത്രയില്‍ യുവതലമുറ ഒഴിവുസമയത്തേക്കാള്‍ ജോലിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘2047 ലെ യുവജനങ്ങള്‍ നമ്മുടെ ത്യാഗത്തിന്റെയും ഉത്സാഹത്തിന്റെയും നേട്ടങ്ങള്‍ കൊയ്യും,” ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സാമൂഹ്യ മാധ്യമത്തില്‍ എഴുതി.
നേരത്തെ, ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ദാസ് പൈയുമായുള്ള സംഭാഷണത്തില്‍, ചൈന, ജപ്പാന് തുടങ്ങിയ അതിവേഗം വളരുന്ന രാജ്യങ്ങളുമായി മത്സരിക്കണമെങ്കില്‍ ഇന്ത്യയ്ക്ക് തൊഴില്‍ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് നാരായണമൂര്‍ത്തി പറഞ്ഞിരുന്നു.
”രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ജര്‍മ്മനിയിലെയും ജപ്പാനിലെയും ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിനുവേണ്ടി കൂടുതല്‍ മണിക്കൂറുകള്‍ അധ്വാനിച്ചു. ഇന്ത്യയിലെ യുവാക്കളും നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കായി കഠിനാധ്വാനം ചെയ്യുന്നു,” മൂര്‍ത്തി പറഞ്ഞു.
ഒല സിഇഒ ഭവിഷ് അഗര്‍വാളും മൂര്‍ത്തിയുടെ അഭിപ്രായത്തോട് യോജിച്ചു, ”മൂര്‍ത്തിയുടെ വീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. കുറച്ച് ജോലി ചെയ്യാനും സ്വയം രസിപ്പിക്കാനുമുള്ള നമ്മുടെ നിമിഷമല്ല ഇത്. മറിച്ച്, മറ്റ് രാജ്യങ്ങള്‍ നിരവധി തലമുറകള്‍ കൊണ്ട് നിര്‍മ്മിച്ചത് ഒരു തലമുറയില്‍ നിര്‍മ്മിക്കാനുള്ള നമ്മുടെ നിമിഷമാണ്!’ അദ്ദേഹം എക്സില്‍ കുറിച്ചു.