സംസ്ഥാന സ്ട്രീറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് പാക്കേജ് പാലക്കാട് ഒരുങ്ങുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വയനാട് നടവയല്‍ , അമ്പലവയല്‍ മേഖലകളില്‍ നടപ്പിലാക്കിയ വില്ലേജ് ടൂറിസം പദ്ധതിക്ക് സമാനമായ വിജയം പാലക്കാടും ലഭിക്കുമെന്നാണ് കരുതുന്നത്.
ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയാണ് പാക്കേജ് തയ്യാറാക്കുന്നത്. കളരിപ്പയറ്റ് സെന്റര്‍, മണ്‍പാത്ര നിര്‍മ്മാണം, കൊട്ട നെയ്ത്ത്, തെങ്ങുകയറ്റം, പപ്പട നിര്‍മ്മാണം, കള്ള് ചെത്ത് തുടങ്ങിയ പരമ്പരാഗത തൊഴില്‍, നാടന്‍കലകള്‍, തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് പാക്കേജ്. വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം കൂടി ഉറപ്പുവരുത്തുകയാണ് പാക്കേജിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ 10 പഞ്ചായത്തുകളിലാണ് സ്ട്രീറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളില്‍ ടൂറിസം വികസന സമിതി രൂപീകരിക്കുകയും ടൂറിസം റിസോഴ്സ് ഡയറക്ടറി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.