പഞ്ചസാര ഉല്‍പ്പാദനത്തില്‍ മുന്‍ പന്തിയില്‍ നില്ക്കുന്ന മഹാരാഷ്ട്രയില്‍ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ വരള്‍ച്ച കരിമ്പ് ഉത്പാദനത്തെ വന്‍തോതില്‍ ഇടിച്ചിരിക്കുന്നു.
ഇത് മൂലം 2023-24 ഉത്പാദന വര്‍ഷത്തില്‍ പഞ്ചസാര ഉത്പാദനത്തില്‍ 14 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് കൊല്ലത്തിനിടെ ഉത്പാദനത്തിലെ ഏറ്റവും വലിയ താഴ്ചയാണ് ഇത്.
ഒക്ടോബര്‍ 1 ന് ആരംഭിക്കുന്ന 2023-24 സീസണിലെ മഹാരാഷ്ട്രയിലെ പഞ്ചസാര ഉത്പാദനം 10.5 ദശലക്ഷം ടണ്ണില്‍ നിന്ന് 9 ദശലക്ഷം മെട്രിക് ടണ്ണായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി വെസ്റ്റ് ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന് പ്രസിഡന്റ് ബി ബി തോംബാരെ പറഞ്ഞു.
പഞ്ചസാര ഉത്പാദനത്തിലെ ഇടിവ് ഭക്ഷ്യവിലകള്‍ കുതിച്ചുയരാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്. പഞ്ചസാരയുടെ ആഭ്യന്തര വിലക്കയറ്റം ബല്റാംപൂര് ചീനി, ദ്വാരകേഷ് ഷുഗര്‍ തുടങ്ങിയ മുന്‍നിര ഉത്പാദകര്‍ക്ക് ഗുണം ചെയ്യും. ഇവര്‍ക്ക് മെച്ചപ്പെട്ട ലാഭവിഹിതം നേടാന്‍ കഴിയും.
2021-22 സീസണില്‍ മഹാരാഷ്ര 13.7 ദശലക്ഷം ടണ്‍ റെക്കോര്‍ഡ് പഞ്ചസാര ഉത്പാദനമാണ് നടത്തിയത്. 11.2 ദശലക്ഷം ടണ്‍ റെക്കോഡ് കയറ്റുമതിയും ഇന്ത്യ നടത്തി. എന്നാല്‍ 2022-23 ല്‍ ഉത്പാദനം 10.5 ദശലക്ഷം ടണ്ണായും ഇന്ത്യയുടെ കയറ്റുമതി 6.1 ദശലക്ഷം ടണ്ണായും കുറയുകയും ചെയ്തു.