വെറും 2000 രൂപയുമായി ഒരു ചിട്ടിക്കമ്പനിയില്‍ നിന്ന് വലിയൊരു ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്ത സാധാരണക്കാരന്… ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അതാണ് സുബ്രത റോയ്. ഒരു ചക്രവര്‍ത്തിയായി സ്വന്തം ബിസിനസ് സാമ്രാജ്യം ഭരിച്ച അദ്ദേഹം അവസാന കാലത്ത് ജയിലിലെ സെല്ലിന്റെ ഇരുട്ടില്‍ കുടുങ്ങുന്നതും ലോകം കണ്ടു. കയറ്റിറക്കങ്ങള്‍ കണ്ട ആ ബിസിനസ് ജീവിതം വിടവാങ്ങിയിരിക്കുന്നു. ആരാണ് സുബ്രത റോയ്. എന്താണദ്ദേഹത്തിന്റെ പ്രാധാന്യം? പരിശോധിക്കാം
ചൊവ്വാഴ്ചയാണ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് സുബ്രത റോയ് അന്തരിച്ചത്. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. 75 വയസ്സായിരുന്നു അദ്ദേഹത്തിന്.
1948 ജൂണ്‍ 10 ന് ബിഹാറിലെ അററിയയില്‍ സുധീര്‍ ചന്ദ്ര റോയിയുടെയും ഛാബി റോയിയുടെയും മകനായി ഒരു ബംഗാളി ഹിന്ദു കുടുംബത്തിലായിരുന്നു സുബ്രതയുടെ ജനനം. ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരായിരുന്നു മാതാപിതാക്കള്‍. 1976 ലാണ് ബിസിനസ്സ് ലോകത്തേക്ക് അദ്ദേഹം ചുവടുവെച്ചത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ പ്രതിസന്ധിയിലായ സഹാറ ഫിനാന്‍സ് കമ്പനി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. വെറും 2000 രൂപയുമായി, ഈ ചെറിയ ചിട്ടിക്കമ്പനിയില്‍ നിന്നാണ് സുബ്രത സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത്. 1978ല്‍ സഹാറ ഇന്ത്യ പരിവാര്‍ എന്ന് കമ്പനിയുടെ പേര് മാറ്റുകയും ചെയ്തു. റോയിയുടെ നേതൃത്വത്തില്‍ കമ്പനി വിവിധ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
1990 ല്‍ റോയ് ലക്നൗവിലേക്ക് താമസം മാറി. സഹാറ സാമ്രാജ്യത്തിന്റെ ആസ്ഥാനമായി ലക്നൗ മാറി. ഇവിടെ നിന്നാണ് ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വ്യവസായ പ്രമുഖനായുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയത്.
1992 ല്‍ രാഷ്ട്രീയ സഹാറ എന്ന പേരില്‍ അദ്ദേഹം ഹിന്ദി ഭാഷയില്‍ ഒരു ദിനപ്പത്രം തുടങ്ങി. സഹാറ ടിവിയിലൂടെ ടെലിവിഷന്‍ രംഗത്തേക്കും പ്രവേശിച്ചു. ലണ്ടനിലെ ഗ്രോസ്വെനര്‍ ഹൗസ് ഹോട്ടലും ന്യൂയോര്‍ക്ക് സിറ്റിയിലെ പ്ലാസ ഹോട്ടലും ഏറ്റെടുത്ത് രാജ്യാന്തര ശ്രദ്ധ നേടുകയും ചെയ്തു.
ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍, ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവ് എന്ന് സഹാറയെ 2004 ല്‍ ടൈം മാഗസിന് പ്രകീര്‍ത്തിച്ചിരുന്നു. 12 ലക്ഷം ജീവനക്കാരാണ് അക്കാലത്ത് കമ്പനിക്കുണ്ടായിരുന്നത്.
2010ല്‍ സെബിയില്‍ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ്) രജിസ്റ്റര്‍ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചെന്നകേസില്‍ അന്വേഷണം തുടങ്ങിയതാണ് കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഇത്തരത്തില്‍ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു നല്കാന് 2012ല്‍ സുപ്രീം കോടതി വിധിക്കുകയും ചെയ്തു. 2014 ല്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ റോയിയെ സുപ്രീം കോടതി തിഹാര്‍ ജയിലിലേക്കയച്ചു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയാവുന്നതിനെ എതിര്‍ത്തതിന് തന്നെ വേട്ടയാടുകയാണെന്ന് റോയി ആരോപിച്ചു.
2016 ല്‍ അദ്ദേഹം പരോളില്‍ പുറത്തിറങ്ങി. പക്ഷേ അതിനു ശേഷം സഹാറ ഗ്രൂപ്പിനെ വീണ്ടും പുനരുജ്ജീവിപ്പിക്കുന്നതിനും ഉയര്‍ച്ചയിലേക്ക് നയിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല. കടത്തില്‍ മുങ്ങിയ ഗ്രൂപ്പ് ആടിയുലഞ്ഞാണ് മുന്നോട്ടു നീങ്ങിയത്. 62,600 കോടി രൂപ നിക്ഷേപകര്‍ക്ക് നല്‍കണമെന്നായിരുന്നു സുബ്രതയോട് സെബി അവസാനം ആവശ്യപ്പെട്ടത്.
സുബ്രതാ റോയിയുടെ നിര്യാണം ഇന്ത്യന്‍ ബിസിനസ്സ് രംഗത്തെ ഒരു യുഗത്തിനും കൂടി അന്ത്യം കുറിക്കുകയാണ്. വളരെ ചെറിയ രീതിയില്‍ തുടങ്ങി തന്റെ ബിസിനസ്സ് സാമ്രാജ്യം രാജ്യാന്തരമായി വ്യാപിപ്പിച്ച വ്യവസായ പ്രമുഖന്റെ യാത്രക്ക് ഇവിടെ തിരശ്ശീല വീഴുന്നു.