‘ബാപ്പ് ഓഫ് ചാര്‍ട്ട്’ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ഇന്‍ഫ്ളുവന്‍സറായ മുഹമ്മദ് നസീറുദ്ദീന്‍ അന്‍സാരിയെ ട്രേഡിംഗില്‍ നിന്ന് വിലക്കി ഓഹരി വിപണി നിയന്ത്രാതാവായ സെബി. സെക്യൂരിറ്റികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ ഇനി അന്‍സാരിക്ക് സാധിക്കില്ല.
അന്‍സാരിയുമായി ബന്ധമുള്ള ഒരു വ്യക്തിയെയും സ്ഥാപനത്തെയും സെബി വിലക്കിയിട്ടുണ്ട്. വിപണിയില്‍ നിക്ഷേപിച്ച് പണം വര്‍ധിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകല്‍ നിന്ന് വാങ്ങിയ 17.2 കോടി രൂപ മടക്കി നല്‍കാനും സെബി ഉത്തരവിട്ടിട്ടുണ്ട്.
മൂന്ന് മുതല്‍ ആറ് ലക്ഷം രൂപ വരെ പ്രതിമാസം ലാഭം കിട്ടുമെന്ന പ്രലോഭനം നസീറുദ്ദീന്‍ ക്ലയന്റുകള്‍ക്കും നിക്ഷേപകര്‍ക്കും നല്‍കിയിരുന്നെന്നും ഓഹരികള്‍ വാങ്ങുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കിയിരുന്നെന്നും സെബി ചൂണ്ടിക്കാട്ടുന്നു. തത്സമയ വിപണി ഇടപാടുകള്‍ക്കായി പണം നല്‍കിയവര്‍ക്ക് നസീര്‍ പിന്തുണയും മാര്‍ഗനിര്‍ദേശവും നല്കിരുന്നെും അന്വേഷണത്തില്‍ കണ്ടെത്തി.
യൂട്യൂബ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവയിലാണ് അന്‍സാരി സജീവമായിരുന്നത്. യൂട്യൂബ് ചാനലിന് 4.43 ലക്ഷം സബ്സ്ക്രൈബര്‍മാരുണ്ട്. വെബ്സൈറ്റിലൂടെയും മൊബൈല്‍ ഫോണ്‍ ആപ്പിലൂടെയും നല്‍കിയിരുന്ന വിദ്യാഭ്യാസ കോഴ്സില്‍ ജോയിന്‍ ചെയ്യാനായിരുന്നു അന്‍സാരി ആളുകളോട് നിര്‍ദേശിച്ചിരുന്നത്.
ട്രേഡിംഗ് തന്ത്രങ്ങളിലൂടെ ലാഭമുണ്ടാക്കിത്തരാമെന്ന ഇന്ഫ്ളുവന്മാരുടെ അവകാശവാദങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന മുറവിളി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സെബിയുടെ നടപടി. രജിസ്റ്റര്‍ ചെയ്യാത്ത നിക്ഷേപ ഉപദേഷ്ടാക്കളുടെയും മാര്‍ക്കറ്റ് അനലിസ്റ്റുകളുടെയും പ്രവര്‍ത്തനങ്ങളെ തടയാനുള്ള നിയമത്തെക്കുറിച്ച് പൊതുജനങ്ങളില്‍ നിന്ന് സെബി ഓഗസ്റ്റില്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു.