ഒരുമാസമായി താഴ്ന്നു കിടന്ന സംസ്ഥാനത്ത് പൈനാപ്പിള്‍ വില ഉയര്‍ന്നു. മെയ് മാസത്തില്‍ കിലോയ്ക്ക് 20 രൂപയില്‍ താഴെ പോയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിലയില്‍ വര്‍ധനയുണ്ടായി. നിലവില്‍ പച്ചയ്ക്ക് 47 രൂപയും പഴുത്തതിന് 59 രൂപ നിരക്കിലുമാണ് ഹോള്‍സെയില്‍ വില്പന. സാധാരണ മെയ് മാസം പൈനാപ്പിളിന് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സമയമാണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിനൊപ്പം കനത്ത മഴ രാജ്യവ്യാപകമായി പെയ്തത് വില താഴുന്നതിനു കാരണമായി.
കേരളത്തിലെ പൈനാപ്പിള്‍ കൃഷിയുടെ ഹബ് എറണാകുളം ജില്ലയിലെ വാഴക്കുളമാണ്. ഇവിടെ നിന്നാണ് വിവിധ രാജ്യങ്ങളിലേക്കും രാജ്യത്തിന്റെ മറ്റ് മാര്‍ക്കറ്റുകളിലേക്ക് ലോഡ് കയറിപ്പോകുന്നത്.വാഴക്കുളത്ത് മാത്രം ചെറുതും വലുതുമായി 2,500ലേറെ കര്‍ഷകരാണ് കൃഷി ചെയ്യുന്നത്. പതിനായിരക്കണക്കിന് ആളുകളാണ് പ്രത്യക്ഷമായും പരോക്ഷമായും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്.
എന്തായാലും ക്ഷീണമകറ്റി പൈനാപ്പിള്‍ കരകയറിയിരിക്കുകയാണ്. ഇന്ന് പൈനാപ്പിള്‍ പഴത്തിന്റെ വില കിലോയ്ക്ക് 60 രൂപയാണ്. പച്ചയുടെ വില കിലോയ്ക്ക് 47 രൂപയും. സ്പെഷ്യല്‍ ഗ്രേഡിന് 49 രൂപയാണ് ഇന്നത്തെ വില. പൈനാപ്പിള്‍ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ നിലവില്‍ ഉയരുന്ന ഡിമാന്‍ഡിന് അനുസരിച്ച് പൈനാപ്പിള്‍ ലഭ്യമല്ല. രണ്ടു മാസമെങ്കിലും കാത്തിരുന്നാലേ കൂടുതല്‍ പൈനാപ്പിള്‍ മാര്‍ക്കറ്റിലെത്തുകയുള്ളൂ.