ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിന്റെ സ്വഭാവം മാറുന്നെന്ന സൂചന നല്കി 2023 ല്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക്. പ്രാദേശിക ഭീകരരേക്കാള്‍ കൂടുതല്‍ വിദേശ ഭീകരരാണ് 2023 ല്‍ കൊല്ലപ്പെട്ടത്. ഇക്കാലയളവില്‍ സുരക്ഷാ സേന വധിച്ച 72 ഭീകരരില്‍ 50 പേരും വിദേശികളാണെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കിയതടക്കം കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ പാകിസ്ഥാന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ പ്രവര്‍ത്തനത്തിന് വലിയതോതില്‍ തിരിച്ചടിയായിട്ടുണ്ടെന്നാണ് സൂചന. വ്യവസായ മേഖലയും കൃഷിയും മെച്ചപ്പെട്ടതോടെ യുവാക്കളെ മുന്‍പത്തേതുപോലെ ഭീകര പ്രവര്‍ത്തനത്തിനായി ലഭിക്കുന്നതിന് ബുദ്ധിമുട്ടായിട്ടുണ്ട്. ഇതോടെ കൂടുതല്‍ ഭീകരരെ പാകിസ്ഥാനില്‍ നിന്ന് എത്തിക്കാന്‍ ശ്രമിക്കുകയാണ് ഭീകര സംഘടനകള്‍.
വ്യവസായ മേഖലയും കൃഷിയും മെച്ചപ്പെട്ടതോടെ യുവാക്കളെ മുന്‍പത്തേതുപോലെ ഭീകര പ്രവര്‍ത്തനത്തിനായി ലഭിക്കുന്നതിന് ബുദ്ധിമുട്ടായിട്ടുണ്ട്
കേന്ദ്ര ഏജന്‍സികള്‍ നടത്തിയ വിലയിരുത്തല്‍ പ്രകാരം 91 ഭീകരരാണ് രജൗരി-പൂഞ്ച് മേഖല ഉള്‍പ്പെടെ ജമ്മു കശ്മീരില്‍ ഇപ്പോഴും സജീവമായിട്ടുള്ളത്. ഇവരില്‍ 61 പേര് വിദേശികളാണ്.
2022-ല്‍ 187 ഭീകരരെയാണ് സംസ്ഥാനത്ത് സുരക്ഷാ സേന വധിച്ചത്. അവരില്‍ 57 പേര് വിദേശ വംശജരായിരുന്നു. പാക്കിസ്ഥാന്‍കാരായ ഭീകരരാണ് ഇവരില്‍ ഭൂരിപക്ഷവും.