മാതാപിതാക്കളില്‍ നിന്നും സ്വത്തെല്ലാം നേടിയ ശേഷം അവരെ വേണ്ട വിധത്തില്‍ സംരക്ഷിച്ചില്ലെങ്കില്‍ പണി കിട്ടും എന്നതില്‍ സംശയം വേണ്ട. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളില്‍നിന്ന് ഇത്തരത്തില്‍ സ്വന്തമാക്കിയ വസ്തുവിന്റെ ആധാരം തിരികെ എഴുതിവാങ്ങാന്‍ ഉത്തരവ്. കോട്ടയം ജില്ലയിലെ 11 വ്യക്തികളില്‍ നിന്നും സ്വത്ത് തിരിച്ചെടുക്കാനാണ് ഉത്തരവ്.
മാതാപിതാക്കളുടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണത്തിനുള്ള മെയിന്റനന്‍സ് ട്രിബ്യൂണല്‍ പ്രിസൈഡിങ് ഓഫീസറും പാലാ ആര്‍ഡിഒയുമായ പി ജി രാജേന്ദ്രബാബുവാണ് ഇത്തരത്തില്‍ ഉത്തരവിട്ടത്. പാലാ മെയിന്റനന്‍സ് ട്രിബ്യൂണലിന്റെയും സാമൂഹിക നീതിവകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന അദാലത്തിലായിരുന്നു തീരുമാനം.
ലഭിച്ച 20 പരാതികളില്‍ 11 എണ്ണത്തിലും സ്വത്ത് തിരികെ വാങ്ങാനുള്ള തീരുമാനമായി. ബാക്കിയുള്ള ഒന്‍പത് പരാതികളില്‍ പരിഹാരം കാണാനുള്ള നടപടികളും ആരംഭിച്ചു. കാര്യം കോട്ടയത്ത് നടന്ന സംഭവം ആണെങ്കിലും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കുന്ന മക്കള്‍ ഒന്ന് കരുതിയിരിക്കുന്നതാണ് നല്ലത്.