ഇന്ത്യയിലെ ഓണ്‍ലൈന്‍ ഗെയിമിംഗ് സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ നികുതി നോട്ടീസ് നല്കി കേന്ദ്ര സര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍, കുതിരപ്പന്തയം, കാസിനോകള്‍ എന്നിവയുടെ വിറ്റുവരവിന് മേല്‍ 28 ശതമാനം ജിഎസ്ടി ചുമത്താന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പുറമെയാണ് ഇരുട്ടടിയായി നികുതി നോട്ടീസുകള്‍.
നികുതി വെട്ടിപ്പ് ആരോപിച്ചാണ് ഒന്നിലധികം ഗെയിമിംഗ് കമ്പനികളില്‍ നിന്ന് പണം ആവശ്യപ്പെട്ട് നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി, ഡ്രീം11, ഗെയിംസ്ക്രാഫ്റ്റ്, ഡെല്‍റ്റ കോര്പ്പറേഷന് എന്നിവയുള്‍പ്പെടെ നിരവധി ഗെയിമിംഗ് കമ്പനികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് നികുതി അറിയിപ്പുകള് ലഭിച്ചു.
സര്‍ക്കാരിന്റെ നികുതി നോട്ടീസുകള്‍ ന്യായമായ നടപടിയല്ലെന്നാണ് കമ്പനികളുടെ പ്രതികരണം. മുന്‍കൂര്‍ കോടതി അനുമതിയില്ലാതെ നികുതി അധികാരികള്‍ ‘നിശ്ചിത തീരുമാനങ്ങള്‍’ എടുക്കുന്നതില്‍ നിന്ന് വിലക്കി ഗോവയിലെ ബോംബെ ഹൈക്കോടതി ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് കമ്പനികള്‍ക്ക് ആശ്വാസമായിട്ടുണ്ട്. ഡെല്‍റ്റ കോര്‍പ്പറേഷനും അനുബന്ധ കമ്പനികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.