ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തി ആരംഭിച്ച ജോലി സമയ ചര്‍ച്ച സാമൂഹ്യമാധ്യമങ്ങളില്‍ ഹോട്ട് ടോപ്പിക്കായി തുടരുന്നു. എഡല്‍വൈസ് മ്യൂച്വല്‍ഫണ്ട് എംഡിയും സിഇഒയുമായ രാധിക ഗുപ്തയുടെ അഭിപ്രായമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകള്‍ ഓഫീസിലും വീട്ടിലുമായി ആഴ്ചയില്‍ 70 മണിക്കൂറിലേറെ ജോലി ചെയ്യുന്നുണ്ടെന്ന് രാധിക ചൂണ്ടിക്കാട്ടുന്നു.
ജോലിയിലൂടെ രാജ്യത്തെയും കുട്ടികളെ വളര്‍ത്തുന്നതിലൂടെ രാജ്യത്തിന്റെ ഭാവി തലമുറയെയും വളര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. പതിറ്റാണ്ടുകളായി ഓവര്‍ടൈം വാങ്ങാതെ ഒരു ചെറുചിരിയുമായി ജോലി ചെയ്യുകയാണ് സ്ത്രീകളെന്നും രാധിക സാമൂഹ്യമാധ്യമമായ എക്സില്‍ എഴുതി. നിരവധി പേരാണ് രാധികയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയത്.
യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നും എങ്കിലേ 2-3 പതിറ്റാണ്ടായി മികച്ച വളര്‍ച്ച കൈവരിച്ച ലോക രാജ്യങ്ങള്‍ക്കൊപ്പം എത്താനാവുകയുള്ളെന്നുമാണ് നാരായണ മൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നത്. ഉല്‍പ്പാദനക്ഷമത ഏറ്റവും കുറഞ്ഞ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര് അദ്ദേഹത്തെ അനുകൂലിച്ചും എതിര്‍ത്തും രംഗത്തെത്തി.
അതേസമയം മൂര്‍ത്തി ആഴ്ചയില്‍ 80-90 മണിക്കൂറെങ്കിലും ജോലി ചെയ്തിരുന്നെന്നും കഠിനാധ്വാനത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാര്യയായ സുധാ മൂര്‍ത്തി പറഞ്ഞു. ആളുകള്‍ക്ക് ഭിന്നാഭിപ്രായമുണ്ടാവാമെങ്കിലും നാരായണ മൂര്‍ത്തി ദീര്‍ഘനേരം ജോലി ചെയ്തിരുന്നു എന്നത് ഒരു വാസ്തവമാണെന്നും സുധ മൂര്‍ത്തി പറഞ്ഞു.