കേട്ടാല്‍ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നും, എന്നാല്‍ ചന്ദ്രിനില്‍ ഇരുന്ന് ജോലി ചെയ്യുകയുമാവാം. അതും എസി സൗകര്യത്തോടെ. ചന്ദ്രനില്‍ ജോലി ചെയ്യാനുള്ള ഇടം ഗവേഷകര്‍ കണ്ടെത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ചന്ദ്രോപരിതലത്തില്‍ സ്ഥിതി ചെയ്യുന്ന താപസ്ഥിരതയുള്ള കുഴികളാണ് ഇവ. എസി മുറിയില്‍ ഇരിക്കുന്ന പോലെ, ഇവിടെ ഇരിക്കാം. ഇവിടെ പകല്‍ സമയം 127 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. രാത്രിയില്‍ മൈനസ് 173 ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്.
15 ഭൗമദിനങ്ങള്‍ക്ക് തുല്യമാണ് ഒരു ചാന്ദ്രദിനമെന്നതിനാല് ഇതിന്റെ ആഘാതം വളരെ വലുതാണ്. അതേസമയം ചന്ദ്രനിലെ ഈ കുഴികളില്‍ 17 ഡിഗ്രി സെല്‍ഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇത് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമായ താപനിലയാണ്. കോസ്മിക് വികിരണങ്ങള്‍, സൂര്യനില്‍ നിന്നുള്ള ഹാനികരമായ വികിരണങ്ങള്‍, ചെറു ഉല്‍ക്കകളുടെ ആക്രമണം എന്നിവ തടയാനുള്ള കഴിവ് ഇവയ്ക്കുണ്ട്.
ഇരുന്നൂറിലധികം കുഴികള്‍ ഈ വിധത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 16 എണ്ണം ലാവാട്യൂബുകള്‍ രൂപാന്തരം പ്രാപിച്ചതാണെന്നാണ് ശ്സാത്രജ്ഞര് പറയുന്നത്. ഭൂമിയിലും ലാവാട്യൂബുകള്‍ കാണപ്പെടാറുണ്ട്.
ചന്ദ്രനില്‍ മെയര്‍ ട്രാന്‍ക്വിലിറ്റാറ്റിസ് എന്ന ഭാഗത്ത് 100 മീറ്റര്‍ ആഴമുള്ള ഒരു കുഴിയിലാണു നാസാ ശാസ്ത്രജ്ഞ സംഘം പരീക്ഷണം നടത്തിയത്. ഒരു ഫുട്ബോള്‍ ഫീല്‍ഡിന്റെ ആകൃതിയും വിസ്തീര്ണവുമുള്ളതാണു ഈ കുഴിയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
നാസയുടെ ലൂണാര്‍ റീക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പേടകത്തില്‍ നിന്നുള്ള വിവരങ്ങളും കംപ്യൂട്ടര്‍ മോഡലിങ്ങും ഉപയോഗിച്ചാണ് ചാന്ദ്രഗവേഷണത്തിനുള്ള സുരക്ഷിത താവളങ്ങളായി ഈ കുഴികള്‍ പ്രവര്‍ത്തിക്കുമെന്ന നിഗമനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിയത്. ഈ കുഴികളില്‍ ചാന്ദ്രപര്യവേക്ഷണത്തിനും ഗവേഷണത്തിനുമായി വരുന്നവര്‍ക്ക് സുരക്ഷിതമായ താവളമൊരുക്കാമെന്ന് ഗവേഷകര്‍ പറയുന്നു.