2024 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യക്ക് 80 ാം സ്ഥാനം. തായ്ലന്ഡ്, ഇന്തോനേഷ്യ, മൗറീഷ്യസ്, ശ്രീലങ്ക, ഖത്തര്‍, ഒമാന്‍, ഇറാന് തുടങ്ങി 62 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം ഇതോടെ ഇന്ത്യക്കാര്‍ക്ക് ലഭ്യമാകും.
ആറ് രാജ്യങ്ങളാണ് 2024 ലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ഒന്നാം സ്ഥാനം നേടിയത്. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ജപ്പാന്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടേതാണ് ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള്. ഈ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ലോകത്തെ 227 ലക്ഷ്യസ്ഥാനങ്ങളില്‍ 194 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം സാധ്യമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയുടെ തലപ്പത്തുണ്ട് ജപ്പാനും സിംഗപ്പൂരും.
ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ദക്ഷിണ കൊറിയ, ഫിന്‍ലാന്‍ഡ്, സ്വീഡന് എന്നീ രാജ്യങ്ങള്‍ രണ്ടാം സ്ഥാനത്തുണ്ട്. 193 രാജ്യങ്ങളിലേക്കാണ് ഈ പാസ്പോര്‍ട്ടുള്ളവര്‍ക്ക് സ്വതന്ത്ര പ്രവേശനം. ഏഴാം സ്ഥാനമാണ് യുഎസ് പാസ്പോര്‍ട്ടിന്. 188 രാജ്യങ്ങളിലേക്ക് അമേരിക്കക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാം.
ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്, ജപ്പാന്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടേതാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകള്
യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് (യുഎഇ) കഴിഞ്ഞ ദശകത്തില്‍ ഏറ്റവും മികച്ച മുന്നേറ്റം നടത്തിയത്. റാങ്കിംഗില്‍ 55 ല്‍ നിന്ന് 11 ലേക്കാണ് യുഎഇയുടെ മുന്നേറ്റം. റഷ്യ പാസ്പോര്‍ട്ട് റാങ്കിംഗില്‍ 51 ാം സ്ഥാനവും ചൈന 62-ാം സ്ഥാനം സ്വന്തമാക്കി.
റാങ്കിംഗില്‍ ഏറ്റവും പിന്നിലുള്ളത് അഫ്ഗാനിസ്ഥാനാണ്. 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അഫ്ഗാന്‍കാര്‍ക്ക് വിസ രഹിത പ്രവേശനം.
ലോകത്തെ നാലാമത്തെ മോശം പാസ്പോര്‍ട്ടാണ് പാകിസ്ഥാന്റേത്. 34 രാജ്യങ്ങളിലേക്ക് മാത്രമാണ് പാകിസ്ഥാന് പൗരന്മാര്ക്ക് സ്വതന്ത്ര പ്രവേശനം ലഭിക്കൂ. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പാകിസ്ഥാന് പിന്നില്‍.