ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ, 2030 ഓടെ 7.3 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ജപ്പാനെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ്. 2021 ലും 2022 ലും രണ്ട് വര്‍ഷത്തെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ശേഷം, 2023 കലണ്ടര്‍ വര്‍ഷത്തിലും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ വളര്‍ച്ച പ്രകടമാക്കുന്നത് തുടരുകയാണെന്ന് എസ് ആന്‍ഡ് പി നിരീക്ഷിച്ചു.
2024 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) 6.2-6.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 7.8 ശതമാനം വളര്‍ച്ച നേടുകയുണ്ടായി.
കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ അനുകൂലമായ ദീര്‍ഘകാല വളര്‍ച്ചാ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു. യുവജനങ്ങളുടെ ഉയര്‍ന്ന ജനസംഖ്യയും അതിവേഗം ഉയരുന്ന നഗര കുടുംബ വരുമാനവും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് നല്‍കുന്നുണ്ട്.
2022 ല്‍ ഇന്ത്യന്‍ ജിഡിപി യുകെയുടെയും ഫ്രാന്‍സിന്റെയും ജിഡിപിയെ കവച്ചുവെച്ചിരുന്നു. 2030 ഓടെ ജര്‍മ്മനിയെയും ഇന്ത്യ മറികടക്കുമെന്നാണ് പ്രവചനം.
നിലവില്‍ 25.5 ട്രില്യണ്‍ ഡോളറിന്റെ ജിഡിപിയുള്ള അമേരിക്ക ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ്. ഇത് ലോക ജിഡിപിയുടെ നാലിലൊന്ന് വരും. ഏകദേശം 18 ട്രില്യണ്‍ ഡോളറിന്റെ ജിഡിപിയുള്ള ചൈന രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ്, ഇത് ലോക ജിഡിപിയുടെ ഏകദേശം 17.9 ശതമാനമാണ്. 4.2 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ജപ്പാന് മൂന്നാം സ്ഥാനത്തും 4 ട്രില്യണ്‍ ഡോളര്‍ ജിഡിപിയുമായി ജര്‍മ്മനി രണ്ടാമതുമുണ്ട്.