കേന്ദ്രസര്‍ക്കാരിന്റെയും എല്‍.ഐ.സിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഐ.ഡി.ബി.ഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു തുടങ്ങി. ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ താത്പര്യമറിയിച്ച മൂന്ന് കമ്പനികള്‍ക്കും ആര്.ആര്.ബി.ഐയുടെ ഗ്രീന്‍ സിഗ്നല്‍ നല്കിക്കഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്. ഇതില്‍ തന്നെ ഇന്ത്യന്‍ വംശജനും കനേഡിയന്‍ ശതകോടീശ്വരനുമായ പ്രേംവത്സ നയിക്കുന്ന ഫെയര്‍ഫാക്സ് ഇന്ത്യ ഹോള്‍ഡിംഗ്സിനാണ് കൂടുതല്‍ സാധ്യത.
ഫെയര്‍ഫാക്സിനെ കൂടാതെ എന്‍.ബി.ഡി എമിറേറ്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയും മുന്നോട്ട് വന്നിരുന്നിരുന്നു. പിന്നീട് തീരുമാനത്തില്‍ നിന്നും കൊട്ടക് ബാങ്ക് പിന്‍വാങ്ങി. അതെ സമയം, സ്വന്തമാക്കിയാലും നിയന്ത്രണ ഓഹരികള്‍ സ്വന്തമാക്കിയാലും ഐ.ഡി.ബി.ഐ ബാങ്കിനെ നിലനിറുത്തുമെന്ന് ഫെയര്‍ഫാക്സ് സര്‍ക്കാരിന് സര്‍ക്കാറിന് ഉറപ്പ് നല്‍കിയതായാണ് അറിയുന്നത്. കേരളം ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ (മുന്‍പ് കാത്തലിക് സിറിയന്‍ ബാങ്ക്) മുഖ്യ പ്രമോട്ടറാണ് ഫെയര്‍ഫാക്സ് എന്നതും ഒരു അഡ്വാന്റേജ് ആണ്.
ഉദ്ദേശിക്കുന്ന രീതിയില്‍ ഓഹരി വില്‍പ്പന നീക്കം യാഥാര്‍ത്ഥ്യമായാല്‍ സി.എസ്.ബി ബാങ്കിനെ ഐ.ഡി.ബി.ഐ ബാങ്കില്‍ ലയിപ്പിക്കേണ്ടി വരും. കാരണം ഒരാള്‍ക്ക് ഒരേ സമയം രണ്ട് ബാങ്കിന്റ പ്രമോട്ടര്‍ സ്ഥാനം കയ്യാളാന്‍ കഴിയില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ പറയുന്നത്. സ്വാഭാവികമായും താരതമ്യേന ഉയര്‍ന്ന വിപണിമൂല്യമുള്ള ഐ.ഡി.ബി.ഐയിലേക്ക് സി.എസ്.ബി ബാങ്കിനെ ലയിപ്പിക്കേണ്ടി വരും. 1.08 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ബാങ്കാണ് ഐ.ഡി.ബി.ഐ ബാങ്ക്. സി.എസ്.ബി ബാങ്കിന്റെ വിപണി മൂല്യം 5,834 കോടി രൂപയും.