സിംഗപ്പൂരിലെ ടെമാസെക്കിന്റെ നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗ് റൗണ്ടില്‍ 27.5 ദശലക്ഷം ഡോളര്‍ സമാഹരിച്ച് സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്കൈറൂട്ട് ഏറോസ്പേസ്. സ്കൈറൂട്ടിന്റെ എതിരാളിയായ അഗ്നികുള്‍ കോസ്മോസ് സമാനമായ തുക ദിവസങ്ങള്‍ക്ക് മുമ്പാണ് സമാഹരിച്ചത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ സ്കൈറൂട്ട് 2022ലാണ് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചത്. രണ്ടാമത്തെ വാണിജ്യ റോക്കറ്റായ വിക്രം 1 അടുത്ത വര്‍ഷം വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ലോ എര്‍ത്ത് ഒര്ബിറ്റിലേക്ക് 300 കിലോഗ്രാം വരെയുള്ള പേലോഡുകള്‍ വഹിക്കാന്‍ വിക്ഷേപണ വാഹനത്തിന് കഴിയും. ഭൂമിയില്‍നിന്ന് 160 കി.മീ. മുതല്‍ 2000 കി.മീ. വരെ ഉയരത്തില്‍ പൂര്‍ണ്ണവൃത്താകൃതിയില്‍ കാണുന്ന ഭ്രമണപഥങ്ങളാണു ലോ എര്‍ത്ത് ഒര്ബിറ്റ്.
2018 ലാണ് സ്കൈറൂട്ട് സ്ഥാപിതമായത്. ഒടുവിലത്തെ 2.25 ബില്യണ്‍ രൂപയുടെ ഫണ്ട് സമാഹരണം കൂടുതല്‍ ലോഞ്ചുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സഹായകമാകുമെന്നാണ് സ്കൈറൂട്ട് പറയുന്നത്.
അഗ്നികുള്‍ കോസ്മോസ് എന്ന സ്റ്റാര്‍ട്ട് അപ്പ് 26.7 മില്യണ്‍ ഡോളര്‍ സമാഹരിച്ചെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സ്കൈറൂട്ടും ഫണ്ട് സമാഹരണം നടത്തിയത്. ഇതുവരെ സ്കൈറൂട്ട് 95 മില്യണ്‍ ഡോളറാണ് സമാഹരിച്ചത്. അഗ്നികുള്‍ സമാഹരിച്ചതാകട്ടെ 40 മില്യണ്‍ ഡോളറും.
അടുത്ത വര്‍ഷം തുടക്കത്തില്‍ തങ്ങളുടെ രണ്ടാമത്തെ ദൗത്യത്തിന്റെ ലോഞ്ചിന് തയ്യാറെടുക്കുന്നത് കൊണ്ട് തന്നെ പുതിയ ഫണ്ടിംഗ് അടുത്ത 2 വര്‍ഷത്തില്‍ നടത്താന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ലോഞ്ചുകള്‍ ത്വരിതപ്പെടുത്താന്‍ സഹായകരമാകുമെന്ന് സ്കൈറൂട്ടിന്റെ സഹസ്ഥാപകന്‍ പവന് കുമാര്‍ ചന്ദന പറഞ്ഞു.
ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ സ്വകാര്യ ബഹിരാകാശ വ്യവസായത്തിന് കുതിപ്പേകിയിട്ടുണ്ട്. 2024 മുതല്‍ കമ്പനി 2 ലോഞ്ചുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ്. 2020ലാണ് ഇന്ത്യ സ്പേസ് മേഖല സ്വകാര്യ കമ്പനികള്‍ക്ക് കൂടി തുറന്നുകൊടുത്തത്. അതോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും റോക്കറ്റുകളും സാറ്റലൈറ്റുകളും ഉണ്ടാക്കാനുള്ള അവസരം വന്നു. ഐഎസ്ആര്‍ഒയുടെ ലോഞ്ചിംഗ് ഫെസിലിറ്റികള്‍ ഇവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.