സാധ്യതകള്‍ ഏറെയുള്ള സംസ്ഥാന കയര്‍ മേഖല വികസനപദ്ധതികളുടെ പാതയില്‍. വിപണി താത്പര്യങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് വൈവിധ്യവത്കരണത്തിനു ഒരുങ്ങുകയാണ് സംസ്ഥാന കയര്‍ കോര്പ്പറേഷന്.
വിപണി നഷ്ടപ്പെടുന്ന പരമ്പരാഗത ഉത്പന്നങ്ങള്‍ പുതിയ ഡിസൈനുകളില്‍ അവതരിപ്പിക്കുന്നതിനൊപ്പം പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്ന രീതിയിലും പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങുന്നു. നിലവില്‍ പരമ്പരാഗത കയറു ഉത്പന്നങ്ങള്‍ക്കു വിദേശത്തുള്‍പ്പെടെ ആവശ്യക്കാരില്ലാത്ത സാഹചര്യത്തിലാണിത്.
പുതിയ ഡിസൈനുകള്‍, ഉല്‍പ്പന്നങ്ങള്‍ എന്നീ ലക്ഷ്യം മുന്നില്‍കണ്ടുകൊണ്ട് ഉത്പാദകര്‍, തൊഴിലാളി സംഘങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഡിസൈനര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ശില്പശാല നടത്തി. ഭോപാല്‍ എന്‍.ഐ.ഡി.യുമായി സഹകരിച്ചാണു പുത്തന്‍ ഡിസൈനുകള്‍ കണ്ടെത്തുന്നതും പരിശീലനം നല്‍കുന്നതും.
കയര്‍ കോര്‍പ്പറേഷനു കീഴില്‍ ഏകദേശം 70 സൊസൈറ്റികളിലായി പതിനയ്യായിരത്തിലേറെ തൊഴിലാളികളുണ്ട്. ഓരോ സൊസൈറ്റിയില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ക്ക് മൂന്നു മാസത്തെ പരിശീലനം നല്‍കും. ഇതിനായി സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ദിവസം 600 രൂപ വീതം സ്റ്റൈപ്പന്‍ഡ് നല്‍കും. ഇവരാകും സൊസൈറ്റികളിലെ മറ്റുള്ളവരെ പരിശീലിപ്പിക്കുക.