രാജ്യത്തെ ടൂറിസം മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനുദ്ദേശിച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഉള്ളത്. ടൂറിസം സ്പോട്ടുകള്‍ വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലിശ രഹിത വായ്പകള്‍ നല്‍കും. ദീര്‍ഘകാല വായ്പകളാവും ഇവ.
ആത്മീയ ടൂറിസത്തിന്റെ സാധ്യതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ വന്‍തോതില്‍ ഇവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. ആത്മീയ വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള ടൂറിസത്തില്‍ പ്രാദേശിക സംരംഭകത്വത്തിന് വലിയ അവസരങ്ങളുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
‘ബിസിനസ്സ് ആകര്‍ഷിക്കുന്നതിനും പ്രാദേശിക സംരംഭകത്വത്തിനുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാല പലിശരഹിത വായ്പകള്‍ നല്‍കും,” ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടെ അടുത്തിടെ ശ്രദ്ധാകേന്ദ്രമായ ലക്ഷദ്വീപും ബജറ്റില്‍ പ്രത്യേക സ്ഥാനം നേടിയെടുത്തു. ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ തുറമുഖ കണക്റ്റിവിറ്റി, ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കായി പദ്ധതികള്‍ ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു.
ബിസിനസ്സ് ആകര്‍ഷിക്കുന്നതിനും പ്രാദേശിക സംരംഭകത്വത്തിനുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഐക്കണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും
ഇന്‍ഫ്രാസ്ട്രക്ചര്‍, കൃഷി, ആഭ്യന്തര ടൂറിസം തുടങ്ങിയ മേഖലകളിലെ സുസ്ഥിര നിക്ഷേപം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും കുറഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക ഉത്തരവാദിത്തത്തില്‍ ഉറച്ചുനില്ക്കുന്നതിലും ധനമന്ത്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ആനന്ദ് രതി ഗ്രൂപ്പ് സഹസ്ഥാപകനും വൈസ് ചെയര്‍മാനുമായ പ്രദീപ് ഗുപ്ത പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍, വിനോദസഞ്ചാരം, ലോജിസ്റ്റിക്സ്, ഗവേഷണത്തിലെ നവീകരണം എന്നിവയില്‍ ഊന്നല്‍ നല്‍കുന്നതാണ് ബജറ്റെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നടപടികളെല്ലാം സമ്പദ്വ്യവസ്ഥയില് തുടര്‍ച്ചയായ സുസ്ഥിര വളര്‍ച്ച കൊണ്ടുവരും. സാമ്പത്തിക വിവേകം കൊണ്ടുവരുന്നതിനും 2026 സാമ്പത്തിക വര്‍ഷത്തോടെ ജിഡിപിയുടെ 4.5% എന്ന ലക്ഷ്യത്തിലെത്തിയ ധനക്കമ്മിയിലേക്ക് നീങ്ങുന്നതിനുമുള്ള നിലവിലെ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.