പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ ഡിസംബറില്‍ 4 ജി സര്‍വീസ് ചെറിയതോതില്‍ ആരംഭിക്കും. അടുത്ത വര്‍ഷം ജൂണ്‍ ആകുമ്പോഴേക്കും രാജ്യമെങ്ങും 4ജി സര്‍വീസുകള്‍ ലഭ്യമാക്കുമെന്നും ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി കെ പൂര്‍വാര്‍ പറഞ്ഞു. ജൂണ്‍ മാസത്തിന് ശേഷം 4ജി സര്‍വീസുകള്‍ 5ജിയിലേക്ക് ഉയര്‍ത്താനാണ് ബിഎസ്എന്‍എലിന്റെ പദ്ധതിയെന്നും ഡെല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ അദ്ദേഹം പറഞ്ഞു.
പഞ്ചാബിലാവും ബിഎസ്എന്‍എല്‍ 4ജി സര്‍വീസുകള്‍ ആരംഭിക്കുക. 200 സൈറ്റുകള്‍ക്ക് ആവശ്യമുള്ള സജ്ജീകരണങ്ങളാണ് ഇതിനകം ചെയ്തിരിക്കുന്നത്. 3000 സൈറ്റുകളാവും പഞ്ചാബില്‍ കമ്പനി സ്ഥാപിക്കുക. പിന്നീട് പ്രതിമാസം 6,000 സൈറ്റുകളിലേക്കും അന്തിമമായി 15,000 സൈറ്റുകളിലേക്കും നെറ്റ്വര്‍ക്ക് എത്തിക്കും.
5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാവുന്ന 4ജി സംവിധാനമാണ് ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. 2024 ല്‍ തന്നെ 5ജി സേവനങ്ങളിലേക്കും കമ്പനി കടക്കും. ഇതിനാവശ്യമായ സ്പെക്ട്രം ബിഎസ്എന്‍എലിനുണ്ട്. ഐടി കമ്പനികളായ ടിസിഎസും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐടിഐയും ബിഎസ്എന്‍എല്ലില്‍ നിന്ന് 19,000 കോടി രൂപയുടെ ഓര്‍ഡറുകള്‍ നേടിയിട്ടുണ്ട്.