ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ എന്ന് ചോദിച്ചാല്‍ ബെംഗളൂരു സ്വദേശിയായ മാല എന്ന യുവതിയെ സംബന്ധിച്ച് ഇല്ല എന്ന് തന്നെയാണ് ഉത്തരം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 634 ട്രാഫിക് നിയമലംഘനങ്ങളാണ് ഒരു ചെറിയ സ്കൂട്ടര്‍ ഉപയോഗിച്ച് മാല നടത്തിയത്. ഇതിന് കിട്ടിയ പിഴയാവട്ടെ 3 ലക്ഷം രൂപയും.
ഒരു രൂപ പോലും പിഴയടക്കാത്തതിനെ തുടര്‍ന്ന് യുവതിയുടെ സ്കൂട്ടര്‍ ബെംഗളൂരു ട്രാഫിക് പോലീസ് പിടിച്ചെടുത്തു. ഓട്ടോമാറ്റിക് ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം ക്യാമറ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കുറ്റകൃത്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത്.
ഹെല്‍മെറ്റ് ധരിക്കാത്തതിനും സ്കൂട്ടര്‍ ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചതിനുമാണ് മാലയ്ക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള നിയമലംഘനങ്ങളില്‍ ഏറെയും. ഡിസംബര്‍ 17 നാണ് ഏറ്റവും ഒടുവിലത്തെ നിയമലംഘനം നടന്നിരിക്കുന്നത്.
ബെംഗളൂരുവില്‍ ഒരു ശ്മശാനത്തിലെ ജീവനക്കാരിയാണ് മാല. സ്കൂട്ടറിന്റെ ഷോറൂം വിലയുടെ നാലിരട്ടിയിലധികം പിഴ തന്റെ വാഹനത്തിനെതിരെ വന്നിട്ടുണ്ടെന്ന് യുവതി അറിഞ്ഞിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.