ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സ് അയച്ചു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി (എച്ച്സിഎ) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. ഇതാദ്യമായാണ് അസ്ഹറിന് അന്വേഷണ ഏജന്‍സി സമന്‍സ് നല്‍കുന്നത്.
എച്ച്സിഎയുടെ മുന്‍ പ്രസിഡന്റായിരുന്ന അസ്ഹറുദ്ദീന്റെ ഭരണകാലത്ത് ഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. വ്യാഴാഴ്ച ഇഡിക്ക് മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ അസ്ഹറുദ്ദീന് സമന്‍സ് ലഭിച്ചത്. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ അസ്ഹര്‍ കൂടുതല്‍ സമയം തേടി.
ഹൈദരാബാദിലെ ഉപ്പലിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഡീസല്‍ ജനറേറ്ററുകള്‍, അഗ്നിശമന സംവിധാനങ്ങള്‍ തുടങ്ങയവ വാങ്ങാന്‍ അനുവദിച്ച 20 കോടി രൂപ ദുരുപയോഗം ചെയ്തെന്നാണ് കേസ്.
2023 നവംബറില്‍ തെലങ്കാനയിലെ ഒമ്പത് സ്ഥലങ്ങളില്‍ കേസുമായി ബന്ധപ്പെട്ട് ഇഡി തിരച്ചില്‍ നടത്തിയിരുന്നു. മുമ്പ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഗദ്ദാം വിനോദ്, ശിവ്ലാല്‍ യാദവ്, അര്‍ഷാദ് അയൂബ് എന്നിവരുടെ വസതികളിലാണ് പരിശോധന നടന്നത്. ഇടപാടില്‍ ഉള്‍പ്പെട്ട എസ്എസ് കണ്‍സള്‍ട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഫീസ് പരിസരത്തും പരിശോധന നടന്നു.